ചുമയ്ക്കുള്ള മരുന്ന് വ്യാജം; 11 കുട്ടികൾ മരിച്ചു, ഡോക്ടർ ഉൾപ്പെടെ 10 പേർ ചികിത്സയിൽ
ഭോപ്പാൽ: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചുമയ്ക്കുള്ള മരുന്നു കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മദ്ധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ ഇന്ന് 9 കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ കലർന്ന മലിനമായ കഫ് സിറപ്പാണ് മരണങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗി സുരക്ഷിതമാണെന്ന് തെളിയിക്കാൻ മരുന്ന് കുടിച്ചിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഡോക്ടറും ചികിത്സയിലാണ്.
തുടക്കത്തിൽ പനി ലക്ഷണങ്ങളുമായി വന്ന കുട്ടികൾക്കെല്ലാം ഡോക്‌ടർ മരുന്നും കഫ് സിറപ്പും നൽകുകയായിരുന്നു. ഇതിനുശേഷം പനി മാറി. എന്നാൽ ഇവർക്ക് ദിവസങ്ങൾക്കുശേഷം വീണ്ടും പനി വരികയും മൂത്രം പോകുന്നത് കുറയുകയും ചെയ്തു. പിന്നാലെ വൃക്കകളിൽ അണുബാധയുണ്ടാവുകയും ചെയ്തു. കുട്ടികളെ നാഗ്പൂരിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
വൃക്കകളിൽ കണ്ടെത്തിയ വിഷരാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് വൃക്ക തകരാറിനുള്ള കാരണം സിറപ്പാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എങ്കിലും ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
ഓഗസ്റ്റ് 24നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സെപ്തംബർ ഏഴിന് ആദ്യ മരണവും റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിൽ ചുമമരുന്ന് കഴിച്ച് പത്തോളം പേർ ഇപ്പോഴും ചികിത്സയിലാണ്. സർക്കാർ സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.