അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് ഉദ്ഘാടനം വൈകുന്നു

Saturday 04 October 2025 3:28 AM IST

കടയ്ക്കാവൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസ് മന്ദിരോദ്ഘാടനം വൈകുന്നു. വകുപ്പ് മന്ത്രിയുടെ സമയക്കുറവാണ് മന്ദിരോദ്ഘാടനം വൈകാൻ കാരണമെന്നാണ് വിവരം. ഇറങ്ങുകടവ് - മാമ്പള്ളി റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് തുടങ്ങിയ കെട്ടിടം നിർമ്മാണം എട്ടോളം തവണ വിവിധ കാരണങ്ങളാൽ നിലച്ചിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി രണ്ട് മാസത്തോളമായിട്ടും ഉദ്ഘാടനം നടന്നില്ല.

സ്മാർട്ട് വില്ലേജ്

സ്മ‌ാർട്ട് വില്ലേജെന്ന ലക്ഷ്യവുമായി 44 ലക്ഷം രൂപ ചെലവിൽ ഇരുനിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മന്ദിരമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഫ്രണ്ട് ഓഫീസ്,വിശ്രമകേന്ദ്രം,ഹാൾ,കുടിവെള്ളം,പ്രത്യേക ശുചിമുറികൾ,ഭിന്നശേഷിക്കാർക്കുള്ള സൗകര്യം എന്നിവ ഉൾപ്പെടെയായിരുന്നു നിർമ്മാണം. നിർമ്മിതി കേന്ദ്രത്തിനായിരുന്നു മേൽനോട്ടച്ചുമതല.

ഇപ്പോഴത്തെ അവസ്ഥ

നിലവിൽ കായിക്കരയിൽ സ്വകാര്യ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. കായിക്കരക്കടവ് പാലം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. നിലവിൽ സ്ഥലപരിമിതിയിൽ നട്ടംതിരിയുന്ന കെട്ടിടത്തിൽ പ്രാഥമിക സൗകര്യങ്ങളടക്കം ഇല്ലെന്നിരിക്കെ ഇവിടുത്തെ ജീവനക്കാർ വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. പുതിയ മന്ദിരത്തിന് ചുറ്റുമതിൽ ഇല്ലാത്തത് അനധികൃത പാർക്കിംഗിനും കൈയേറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. ഫ്ലാഗ് പോൾ,മുന്നറിയിപ്പ് സൈറൺ,അനൗൺസ്‌മെന്റ് സംവിധാനങ്ങളും സ്ഥാപിക്കാനുണ്ട്.