ഹൃദയപൂർവം ചില കാര്യങ്ങൾ

Saturday 04 October 2025 1:51 AM IST

ആരോഗ്യമേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾ ലോക മാതൃകയാണെങ്കിലും,​ മുപ്പതു വയസ് പിന്നിടാത്തവരിൽപ്പോലും വർദ്ധിച്ചുവരുന്ന ഹൃദ്‌രോഗ ഭീഷണി വലിയ വെല്ലുവിളിയായി മാറുകയാണ്.

പലർക്കും ഒന്നിലേറെ ബ്ലോക്കുകൾ കാരണം ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയുമൊക്കെ വേണ്ടിവരുന്നു. വ്യക്തിപരമായ ദുരന്തം മാത്രമല്ല, നമ്മുടെ സാമ്പത്തിക ഭാവിക്കും വെല്ലുവിളിയാണ് ഈ ഹൃദ്രോഗ വ്യാപനം. ഈ പ്രതിസന്ധിക്ക് ഉത്തരം ലളിതമാണ്: ആധുനിക ജീവിതശൈലി!

 ഭക്ഷണരീതികൾ: പരമ്പരാഗത ഭക്ഷണരീതി മാറ്റി ഫാസ്റ്റ് ഫുഡും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളും നമ്മൾ ശീലമാക്കി. ഗ്രാമീണ മേഖലയിൽപ്പോലും 60-70 ശതമാനം പേർക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ട്. ഇത് ഉത്തരേന്ത്യയിലെ കണക്കുകളേക്കാൾ ഇരട്ടിയാണ്.

 വ്യായാമമില്ലായ്മ: ജോലിയുടെ സ്വഭാവവും ജീവിതശൈലിയും മാറിയതോടെ ശാരീരികമായ അദ്ധ്വാനം വളരെ കുറഞ്ഞു. 40 ശതമാനത്തിലേറെ കേരളീയരും വ്യായാമം ചെയ്യാത്തവരാണ്. ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാവുന്നു.

 രോഗങ്ങൾ: പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി കേരളം മാറി. ജനസംഖ്യയിൽ 42 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ട്. പ്രമേഹം യഥാസമയം തിരിച്ചറിയപ്പെടാതെ പോവുകയോ,​ ശരിയായ രീതിയിൽ ചികിത്സിക്കാതിരിക്കുകയോ ചെയ്യുന്നത് ഹൃദയരോഗങ്ങൾക്ക് കാരണമാവുന്നു.

 മാനസിക സമ്മർദ്ദം: പുകവലി പൊതുസ്ഥലങ്ങളിൽ കുറഞ്ഞെങ്കിലും പുകയിലയുടെ മറ്റു രൂപങ്ങളിലുള്ള ഉപയോഗം ഇപ്പോഴും തുടരുന്നുണ്ട്. തിരക്കിട്ട ജീവിതവും ജോലിസമ്മർദ്ദങ്ങളും ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്ന നിശബ്ദ രോഗമായി മാറുകയാണ്. മത്സരബുദ്ധിയുള്ള ജീവിതശൈലി ഹൃദയ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.

നമുക്കു തന്നെ

കരുതാം

 ഈ പ്രതിസന്ധിക്ക് പരിഹാരം ആധുനിക ചികിത്സകളോ ശസ്ത്രക്രിയകളോ മാത്രമല്ല. പ്രതിരോധമാണ് ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതു വരെ കാത്തിരിക്കരുത്. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുക. സാധാരണ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ ടെസ്റ്റുകൾ വഴി നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ അറിയാൻ സാധിക്കും.  ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. പരമ്പരാഗതമായ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ വീണ്ടും ശീലമാക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് സമയം വേഗത്തിൽ നടക്കുന്നതു പോലും വലിയ മാറ്റമുണ്ടാക്കും.  മാനസിക സമ്മർദ്ദം നിയന്ത്രിക്കുക. വ്യായാമം, ധ്യാനം, ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക തുടങ്ങിയ മാർഗങ്ങളിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക

 ഹൃദ്രോഗങ്ങളെക്കുറിച്ചും അവയുടെ അപകടങ്ങളെക്കുറിച്ചും കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിക്കുക. നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങി സമൂഹത്തിലാകെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക.

കേരളത്തിലെ ഈ ഹൃദ്രോഗ പ്രതിസന്ധി ഒരു മുന്നറിയിപ്പാണ്. പ്രശ്നത്തെ നേരിടാനുള്ള അറിവും വിഭവങ്ങളും നമുക്കുണ്ട്. മറ്റ് ആരോഗ്യ സൂചകങ്ങളിലെ നമ്മുടെ വിജയം ഈ ഗുരുതരമായ പ്രതിസന്ധിയെ അവഗണിക്കാനുള്ള കാരണമാവരുത്. ഹൃദയത്തിന് മുൻഗണന നൽകി, അതിന്റെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ സമയമായി.

(അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ)​