ഡോ. എം.ആർ. തമ്പാൻ അശീതിയുടെ അക്ഷരപ്രഭ
ഡോ. എം.ആർ. തമ്പാന്റെ എൺപതാം ജന്മദിനം ഇടവ മാസത്തിലെ പൂയം നക്ഷത്രത്തിൽ ആഘോഷങ്ങളില്ലാതെ കടന്നുപോയി. വൈജ്ഞാനിക സാഹിത്യ മേഖലയിലെ അത്ഭുതവും അഭിമാനവുമായ അദ്ദേഹം ഭാഷയ്ക്കു നൽകിയ സംഭാവനകൾ മലയാളികൾക്ക് മറക്കാനാവില്ല. അടുത്ത ദിവസങ്ങളിലാണ് അദ്ദേഹത്തിന്റെ ജീവചരിത്രമായ 'വിജ്ഞാനത്തിന്റെ വിളക്കുമരം" കെ.ബി.വസന്തകുമാർ എഴുതി പ്രകാശനം ചെയ്തത്. പുത്രവിയോഗദുഃഖം തളർത്തിയെങ്കിലും എല്ലാ വേദനയും അക്ഷരദേവതയുടെ സാന്ത്വനംകൊണ്ട് അദ്ദേഹം മറക്കുന്നു. വായനയും എഴുത്തും പഠനങ്ങളുമായി, പ്രായത്തെ വെല്ലുവിളിച്ച് ദിവസവും പതിനെട്ടു മണിക്കൂറോളമാണ് ഈ കർമ്മയോഗി അക്ഷരങ്ങളുടെ ലോകത്ത് ചെലവിടുന്നത്. ശങ്കരാചാര്യരുടെ കനകധാര സ്തോത്രം മൂന്നുദിവസംകൊണ്ട് മനഃപാഠമാക്കി! തന്റെ പ്രവർത്തനകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണകാലമാക്കാൻ അദ്ദേഹത്തിനായി. നഷ്ടത്തിലായിരുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നുകോടിയുടെ ലാഭം ഉണ്ടാക്കികൊടുക്കാനും കഴിഞ്ഞു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, 2001-2004 കാലഘട്ടത്തിൽ ഇൻഫർമേഷൻ ആൻഡ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയായിരുന്ന എം.എം. ഹസന്റെ പ്രൈവറ്റ് സെക്രട്ടറി, കേരള സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ, വിജ്ഞാനകൈരളി വൈജ്ഞാനിക മാസികയുടെയും, വിവേകോദയം ത്രൈമാസികയുടെയും എഡിറ്റർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഈ എൺപതാം വയസിലും നെഹ്‌റു സെന്റർ, അഭയ, ഉള്ളൂർ സ്മാരകം, ജനസ്ത്രീ സുസ്ഥിര വികസന മിഷൻ തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഭാരവാഹിയാണ് ഡോ.എം.ആർ. തമ്പാൻ ഇപ്പോൾ. കാൻഫെഡ് പ്രസിദ്ധീകരണ സമിതി, എൻ.വി. സാഹിത്യവേദി, പുനലൂർ ബാലൻ സ്മാരക സമിതി, 'ഒരുമ" സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ ചെയർമാൻ, ജയ്‌ഹിന്ദ് ടിവി ഡയറക്ടർ ബോർഡ് അംഗം, കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ്, ഗ്ലോബൽ എനർജി പാർലമെന്റ്, ഈശാ വിശ്വപ്രജ്ഞാൻ ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറി, പി.എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം, എം.പി. വീരേന്ദ്രകുമാർ സാഹിത്യ പുരസ്‌കാരം, സി.വി. കുഞ്ഞുരാമൻ അവാർഡ്, വേലുത്തമ്പി ദേശീയ പുരസ്‌കാരം, ആർ. പ്രകാശം മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ്, ലയൺസ് ലിറ്റററി അവാർഡ്, ചട്ടമ്പിസ്വാമി സ്മാരക പുരസ്‌കാരം, കർമ്മശ്രേഷ്ഠ പുരസ്‌കാരം, ശ്രീനാരായണ സാഹിത്യ അക്കാഡമിയുടെ ഗുരുശ്രീ അവാർഡ്, മികച്ച പ്രസാധകനുള്ള ദർശന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 27-ഓളം ഗ്രന്ഥങ്ങൾ രചിച്ചു.
(ശ്രീനാരായണ സാംസ്‌കാരിക പ്രവർത്തകനും കവിയുമാണ് ലേഖകൻ)