ഇനിയില്ല പി.ഒ ചാലാട്, പിൻ 670014 നൂറ്റാണ്ടു പിന്നിട്ട പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം
കണ്ണൂർ: നൂറ് വർഷത്തിലേറെ പഴക്കമുള്ള ചാലാട് പോസ്റ്ര് ഓഫീസ് ഈ മാസം പതിനൊന്നിന് ശേഷം പ്രവർത്തിപ്പിക്കേണ്ടെന്ന് പോസ്റ്റൽ ഓഫീസിന്റെ തീരുമാനം. 11 ന് ഉച്ചയോടെ പണവും സ്റ്റാമ്പും കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഉത്തരവിട്ടു. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. ഭീമമായ നഷ്ടം നേരിടുന്ന അർബൻ പോസ്റ്റോഫീസുകൾ പൂട്ടാമെന്നും നിർദേശവുമുണ്ട്.
നിലവിലെ തീരുമാനപ്രകാരം ചാലാട് പോസ്റ്റോഫീസിലെ സേവനങ്ങൾ 11ന് കണ്ണൂർ ജില്ലാ ഹെഡ് ഓഫീസിൽ നിന്നും നൽകാൻ തീരുമാനിച്ചതായി കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് പറഞ്ഞു. ഇടപാടുകാർക്ക് ഏറ്റവും അടുത്തുള്ള അലവിൽ പോസ്റ്റോഫീസിൽ നിന്നും തുടർന്ന് സേവനം ലഭിക്കും. ഇവിടെയുള്ള ജീവനക്കാരെ ഏറ്റവും അടുത്തുള്ള ഓഫീസുകളിലേക്ക് മാറ്റും. നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടം ഒഴിയാൻ കഴിഞ്ഞ വർഷം കെട്ടിട ഉടമയും ആവശ്യപ്പെട്ടിരുന്നു. മറ്രൊരു സ്ഥലം ലഭിക്കാത്തതും അടച്ചുപൂട്ടലിനുള്ള കാരണമായി.
ചാലാട് തപാൽ ഓഫീസ് 1979 ലാണ് സബ്ബ് പോസ്റ്റോഫീസായി ഉയർത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിരുന്ന പോസ്റ്റോഫീസിൽ നിന്ന് രണ്ട് പോസ്റ്റ്മാൻമാരെ ജൂണി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് ചാലാട് ഭാഗത്തേക്കുള്ള തപാൽ നിയന്ത്രിച്ചത്. നിലവിൽ സബ്ബ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റൽ അസിസ്റ്റന്റ്, ഡാക് സേവക് എന്നിങ്ങനെ മൂന്ന് ജീവനക്കാരാണ് ഇവിടെയുള്ളത്.
പ്രതിഷേധം ശക്തം ചാലാട് പോസ്റ്ര് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ ഇന്നലെ രാവിലെ പോസ്റ്റോഫീസിനുമുന്നിൽ ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടന പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എം.പി കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.