കാനാടുകാർക്ക് ഒടുവിൽ ശാപമോക്ഷം, ഭൂമി ഏറ്രെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
നടപടി കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയ കാനാട് നിവാസികൾക്ക് ഒടുവിൽ ആശ്വാസം. വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് വിൽക്കാനോ,മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാതെ ദുരിതവൃത്തത്തിലായ 210 കുടുംബങ്ങളുടെ ദുരിതം കേരളകൗമുദി തുറന്നുകാണിച്ചതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ ഇനി വൈകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.
ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയിട്ടും തുടർനടപടി ഇല്ലാത്തത് ഇവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപെടുത്തിയ പ്രാദേശിക നേതാക്കളോടാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. 2018 ഒക്ടോബറിലാണ് കാനാടിൽ ഭൂമി ഏറ്രെടുക്കാനുള്ള വിജ്ഞാപനം സർക്കാർ ഇറക്കിയത്. വിമാനത്താവളത്തിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ഭൂമി എറ്രെടുക്കാൻ തീരുമാനിച്ചത്. റൺവേ 4000 മീറ്രറാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനായി 245.32 ഹെക്ടർ ഭൂമിയാണ് കാനാട്,കീഴല്ലൂർ ഭാഗങ്ങളിലായി ഏറ്രെടുക്കുന്നത്.
വിജ്ഞാപനം ഇറക്കി വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ട പരിഹാരം നൽകി ഭൂമി ഏറ്രെടുക്കാത്തതിനാൽ കൈയിലുള്ള ഭൂമി വിൽക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പ്രദേശവാസികൾക്ക് കഴിയാതെയായി. ഇത് ഇവരെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കുകയായിരുന്നു.
അതിവേഗത്തിൽ മൂല്യനിർണയം നടത്തും
മരങ്ങൾ, കൃഷി, കെട്ടിടങ്ങൾ എന്നിവയുടെ വിലനിർണയം ഇതുവരെയും പൂർത്തിയായിരുന്നില്ല. എന്നാൽ ഇതിന്റെ അവസാനഘട്ട പ്രവർത്തനം നടക്കുകയാണ്. നഷ്ടപരിഹാരത്തിന് ഏകദേശം 1000 കോടിയോടടുത്ത് വേണ്ടിവരുമെന്നാണ് അവസാന നിഗമനം ഈ തുക കണ്ടെത്താനുള്ള നടപടി ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുക കളക്ടറുടെ അക്കൗണ്ടിലെത്തിയാൽ ഉടനെ വിജ്ഞാപനം 19(1) പുറപ്പെടുവിപ്പിക്കും. ഇതോടെ ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകാൻ സാധിക്കും.
വീടുപേക്ഷിച്ചുപോയവർക്കും നഷ്ടപരിഹാരം ലഭിക്കും
വിമാനത്താവളത്തിന്റെ പ്രവർത്തികൾക്കായി മണ്ണെടുത്ത പ്രദേശത്ത് നിന്നും മഴവെള്ളം ഒഴുകി വന്നതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം വീടുപേക്ഷിച്ച് പോയ ആറ് കുടുംബങ്ങളും പ്രദേശത്തുണ്ട്. ഈ കുടുംബങ്ങൾക്കും പുതിയ തീരുമാനം ആശ്വാസമാകും. ഭൂമി ഏറ്രെടുക്കൽ വൈകിയതിനെ തുടർന്ന് ഒരു ഭൂവുടമയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ച വിഷയത്തിൽ ഇടപെടാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കളക്ടർക്കും കോഓപ്പറേറ്റീവ് രജിസ്ട്രാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.
വിമാനത്താവള റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്. പരിശോധനകൾക്ക് ശേഷം എത്രയും പെട്ടെന്ന് ഡി.വി.എസ് തയ്യാറാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ