ചന്ദ്രയെ തളയ്ക്കാൻ കഴിയുന്നില്ല, 1 കോടി 18 ലക്ഷം പ്രേക്ഷകർ, 50000 ഷോകൾ

Saturday 04 October 2025 6:00 AM IST

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ മറ്റ് രണ്ട് ഓൾ ടൈം റെക്കോർഡുകൾ കൂടി സ്വന്തമാക്കി ചിത്രം. 35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തിൽ കണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി ഇതോടെ "ലോക" മാറി. ഇത് കൂടാതെ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായി മാറിയും "ലോക" ചരിത്രം കുറിച്ചു. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.