ആദ്യമത്സരം തിരുവനന്തപുരം കൊമ്പൻസുമായി കണ്ണൂർ വാരിയേഴ്സ് ടീം യാത്ര തിരിച്ചു
കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ആദ്യ മത്സരത്തിനായി കണ്ണൂർ വാരിയേഴ്സ് ഫുട്‌ബാൾ ടീം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. അഞ്ചിന് വൈകീട്ട് 7.30 ന് ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിലാണ് മത്സരം.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ടീമിന് ആരാധക കൂട്ടായ്മ റെഡ് മറൈൻസിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ടീം ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. ഇന്ന് തിരുവനന്തപുരത്ത് പരിശീലനം നടത്തും. ആദ്യഘട്ടത്തിൽ പുറത്തുവിട്ട മത്സരക്രമ പ്രകാരം രണ്ട് എവേ മത്സരങ്ങളാണ് കണ്ണൂരിനുള്ളത്. രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് മലപ്പുറം എഫ്.സി.യെ നേരിടും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 12 നാണ് ഈ മത്സരം.
ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കം തുടങ്ങി
കണ്ണൂർ വാരിയേഴ്സിന്റെ ഹോം സ്‌റ്റേഡിയമായ കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ ജോലികൾ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിന് അകത്ത് നിർത്തിയിട്ടിരുന്ന ഉപയോഗശൂന്യമായ 15 വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കി. ഇവ മുൻസിപ്പാലിറ്റിയുടെ ചേലോറ ഡംപിഗ് യാർഡിലേക്ക് കൊണ്ടുപോയി.
മത്സരം കാണാം
സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങൾ ടെലിവിഷനിൽ സോണി 2, സോണി 2 എച്ച്ഡി എന്നീ ചാനലുകളിലും www.sports.com എന്ന വെബ് സൈറ്റിലും കാണാം.