58കാരിയുടെ വിരൽ മുറിച്ച സംഭവം: ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബന്ധുക്കളെ അറിയിക്കാതെ 58 കാരിയുടെ വിരൽ മുറിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘം അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. കുത്തിയതോട് മുഖപ്പിൽ വീട്ടിൽ പരേതനായ കോയയുടെ ഭാര്യ സീനത്തിന്റെ (58) കുടുംബമാണ് ആശുപത്രി സൂപ്രണ്ടിനും, ഡി.എം.ഇ ക്കും പരാതി നൽകിയിരുന്നത്. ഇവരുടെ വലതുകാലിലെ നടുവിരലും, ചൂണ്ടുവിരലുമാണ് മുറിച്ചുമാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ വിരൽ നഷ്ടപ്പെട്ട വിവരം ബന്ധുക്കളെ ഡോക്ടർമാർ അറിയിച്ചിരുന്നില്ല.
പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.തോമസ് കോശി, ആർ.എം.ഒ ഡോ.പി.എൽ.ലക്ഷ്മി, ഓർത്തോ വിഭാഗം എച്ച്.ഒ.ഡി ഡോ.വിനോദ് കുമാർ, ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജ എന്നിവരാണ് അന്വേഷണം നടത്തിയത്. ചികിത്സാപ്പിഴവ് ഇല്ലെന്നും വിരലുകൾ പ്രമേഹ രോഗത്തെ തുടർന്ന് അഴുകിയിരുന്നതായുമാണ് റിപ്പോർട്ട്. എന്നാൽ വിരൽ നഷ്ടപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കണമായിരുന്നെന്നും ഡോക്ടർമാർ നൽകിയ റിപ്പോർട്ടിലുണ്ടെന്നറിയുന്നു. സൂപ്രണ്ട് ഡോ.എ.ഹരികുമാർ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാറിന് നൽകി. പ്രിൻസിപ്പൽ ഇത് ആരോഗ്യ വകുപ്പിന് കൈമാറും. കഴിഞ്ഞ 27 ന് കാലിൽ മുറിവുമായി ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു സീനത്ത്. തുടർന്ന് ഇവരെ സ്ത്രീകളുടെ വാർഡായ എട്ടാം വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.