ഇരുട്ടിന്റെ മറവിൽ ട്രാൻ. ബസുകൾക്ക് നേരെ കല്ലേറ്

Saturday 04 October 2025 1:24 AM IST

ആലപ്പുഴ : ഇരുട്ടിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് കല്ലെറിഞ്ഞ് സാമൂഹ്യവിരുദ്ധർ. ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതും വെളിച്ചക്കുറവുള്ളതുമായ ഭാഗങ്ങളിലാണ് ഇക്കൂട്ടർ ബസ് യാത്രക്കാരോട് പരാക്രമം കാട്ടുന്നത്.

വ്യാഴാഴ്ച്ച രാത്രി 8.30ന് അമ്പലപ്പുഴ പുറക്കാടിനും കരൂരിനും മദ്ധ്യേവച്ച് മാവേലിക്കര ‌ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിന് നേർക്കാണ് ഒടുവിൽ കല്ലേറുണ്ടായത്. ചെറിയ മെറ്റൽ കഷ്ണങ്ങൾ ജനലിലൂടെ ബസിനുള്ളിൽ പതിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് കല്ല് കണ്ണിൽ കൊള്ളാതിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. കൂട്ടമായി നിന്ന സംഘത്തിൽ നിന്നാണ് പൊടുന്നനെ കല്ലേറുണ്ടായതെന്ന് കരുതുന്നു.

എന്നാൽ, ബസ്സിനുള്ളിൽ കല്ല് പതിച്ചതിനെപ്പറ്റി ഡിപ്പോ വഴി പൊലീസിൽ അറിയിക്കണമെന്ന ആവശ്യത്തെ കണ്ടക്ടർ അവഗണിച്ചതായി യാത്രക്കാർ കുറ്റപ്പെടുത്തി.

ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്ത് സമയം പാഴാക്കാനാവില്ലെന്നായിരുന്നു കണ്ടക്ടറുടെ നിലപാട്. ചെറിയൊരു കല്ല് പതിച്ചാൽ എന്ത് സംഭവിക്കാനാണെന്ന് കണ്ടക്ടർ പരിഹസിച്ചതായും ഇവർ ചൂണ്ടിക്കാട്ടി.

യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 ദേശീയപാതയിലെ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ അതിന് പരിഹാരം വേണം

യാത്രക്കാരുടെ ഭീതി അകറ്റാൻ പൊലീസ് പട്രോളിംഗ് ഊർജ്ജിതമാക്കണം

 സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണം

 കല്ലേറ് ഉണ്ടായതോടെ യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്

പുറത്ത് നിന്നെറിഞ്ഞ കല്ലിന്റെ കഷ്ണം ദേഹത്ത് തട്ടി ബസ്സിനുള്ളിൽ പതിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ഭയപ്പെട്ടു. അതിലും വേദനാജനകമായത് ഇത്തരം സംഭവങ്ങളെ നിസ്സാരവത്ക്കരിച്ച ബസ് കണ്ടക്ടറുടെ മനോഭാവമാണ്

- യാത്രക്കാരി