മണ്ണെണ്ണ വാതിൽപ്പടിയിലെത്തില്ല, റേഷൻ വ്യാപാരികൾക്ക് നഷ്ടം

Saturday 04 October 2025 2:24 AM IST

ആലപ്പുഴ : സംസ്ഥാനത്ത് റേഷൻ കടകൾക്കുള്ള മണ്ണെണ്ണ വിതരണത്തിന്റെ അവസാനഘട്ടം ഈ മാസം ആരംഭിക്കാനിരിക്കെ വാതിൽപ്പടി സേവനത്തിന്റെ കാര്യത്തിൽ നടപടി ആരംഭിക്കാതെ അധികൃതർ. സംസ്ഥാനത്ത് റേഷൻ വിതരണം വാതിൽപ്പടി സേവനമാക്കണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും മണ്ണെണ്ണയുടെ കാര്യത്തിൽ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല.

ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ മണ്ണെണ്ണ വിതരണമാണ് ഇപ്പോൾ ആരംഭിക്കേണ്ടത്. എന്നാൽ വാതിൽപ്പടി സേവനവുമായി ബന്ധപ്പെട്ട് വകുപ്പ് ഇതുവരെ ചർ‌ച്ചകൾ പോലും നടത്തിയിട്ടില്ല ജില്ലയിൽ എല്ലാ താലൂക്കുകളിലും മണ്ണെണ്ണ ഡിപ്പോകളില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് റേഷൻ വ്യാപാരികൾ. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. കുട്ടനാട് താലൂക്കിലുള്ളവർ അമ്പലപ്പുഴയിൽ നിന്നും ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ കാർത്തികപ്പള്ളിയിൽ നിന്നുമാണ് മണ്ണെണ്ണ ശേഖരിക്കേണ്ടത്.

ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ചത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് അനുവദിച്ചിട്ടുള്ളത്

കമ്മിഷനെക്കാൾ കൂടുതൽ ചെലവ്

1. ഒരു റേഷൻ കടയ്ക്ക് 300 ലിറ്റർ മണ്ണെണ്ണയാണ് ശരാശരി അനുവദിക്കുന്നത്

2. റേഷൻ വ്യാപാരിക്ക് കമ്മിഷമായി ലഭിക്കുന്നത് ലിറ്ററിന് 6 രൂപയാണ്

3 .300 ലിറ്റർ മണ്ണെണ്ണ വിതരണം ചെയ്താൽ വ്യാപാരിക്ക് കിട്ടുന്നത് 1800 രൂപ 4. ഡിപ്പോകളിലെത്തി മണ്ണെണ്ണ ശേഖരിക്കുന്നതിന്റെ ചെലവ് ഇതിന്റെ ഇരട്ടിയോളം വരും

ഡിപ്പോകൾക്ക് കീഴിലുള്ള

റേഷൻ കടകൾ

ചേർത്തല: 288

അമ്പലപ്പുഴ:198

കുട്ടനാട്:116

കാർത്തികപ്പള്ളി:256

മാവേലിക്കര:219

ചെങ്ങന്നൂർ:126

കാർഡുകളും

ഗുണഭോക്താക്കളും

എ.എ.വൈ: 38822, 121684

പി.എച്ച്.എച്ച്: 280209, 1007746

എൻ.പി.എസ്: 118015, 448399

എൻ.പി.എൻ.എസ്: 186209, 676338

ജില്ലയിൽ മണ്ണെണ്ണ ഡിപ്പോകൾ കുറവാണ് അതിനാൽ ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം എത്രയും വേഗം വാതിൽപ്പടി സേവനം ആരംഭിക്കണം

-എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,

കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.