സമാധാന സന്ദേശം പകർന്ന് ബിജുവിന്റെ ഗാന്ധിപ്രതിമകൾ

Saturday 04 October 2025 1:24 AM IST

മാവേലിക്കര : ആഗോള തീവ്രവാദത്തിനെതിരെ സമാധാന സന്ദേശം പ്രചരിപ്പിക്കാൻ നാട്ടിലെങ്ങും ഗാന്ധി പ്രതിമകൾ സ്ഥാപിച്ച് ബിജു ജോസഫ്. വി​ദേശ രാജ്യങ്ങളി​ലുൾപ്പെടെയായി​ മഹാത്മ ഗാന്ധിയുടെ 5500ൽ അധികം പ്രതിമകളാണ് ഗാന്ധി ബിജു എന്ന് വിളിപ്പേരുള്ള ഈ മാവേലി​ക്കര സ്വദേശി സ്ഥാപി​ച്ചത്. സ്ഥാപിക്കുന്ന പ്രതിമകൾക്കൊപ്പം സബർമതി ആശ്രമത്തിലെ മണ്ണും പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്റീരിയർ ഡിസൈനറായ ബിജു അതിൽ നിന്നുള്ള വരുമാനം ചിലവഴിച്ചാണ് സൗജന്യമായി ഗാന്ധിപ്രതി​മകൾ സ്ഥാപിക്കുന്നത്. പ്രതി​മകളി​ൽ ഏതാനും ചിലതി​ന് മാത്രമാണ് നിർമ്മാണച്ചി​ലവ് വാങ്ങി​യത്. വി​വി​ധ സംസ്ഥാനങ്ങളി​ലെ കളക്ടറേറ്റുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആദിവാസി മേഖലകൾ, പൊലീസ് സ്റ്റേഷനുകൾ, പാർക്കുകൾ, കോടതികൾ എന്നിങ്ങനെ മിക്ക സ്ഥലങ്ങളിലും ബി​ജു ഗാന്ധി​ പ്രതി​മകൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ബിജുവിന്റെ ഗാന്ധിപ്രതിമകളുണ്ട്. കൊല്ലം ജില്ലയിൽ മാത്രം ഇരനൂറിലധികം പ്രതിമകൾ സ്ഥാപിച്ചു. അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടെ ആറ് സ്റ്റേറ്റുകളിലും, മെക്സിക്കോ, ഇസ്രയേൽ, യു.എ.ഇ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രോത്സാഹനവുമായി​ കുടുംബം

ഏറ്റവും കൂടുതൽ മഹാത്മ ഗാന്ധി പ്രതിമകൾ സ്ഥാപിച്ച് സമാധാന സന്ദേശം പ്രചരിപ്പിച്ചതിന് യു.ആർ എഫ് വേൾഡ് റെക്കാഡ് ബിജുവിന് ലഭിച്ചി​രുന്നു. മഹാത്മാ ഗാന്ധിയുടെ ചെറുമകൾ ഇള ഗാന്ധി, തുഷാർ ഗാന്ധി തുടങ്ങി​യവർ ബിജുവിനെ പ്രോത്സാഹിപ്പിച്ചി​ട്ടുണ്ട്. മഹാത്മ ഗാന്ധിയോടുള്ള ആദരസൂചകമായി മകന് ഗാന്ധി ജോസഫാ ജോൺ എന്നാണ് പേരിട്ടിരിക്കുന്നത്. മകൾ ഡോ.അമല ജോൺ, ഭാര്യ ജെമ ജോൺ എന്നിവരും ബിജുവിന്റെ ആശയങ്ങൾക്കൊപ്പം നിൽക്കുന്നവരാണ്. ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മുതൽ നെടുമങ്ങാട് ചെങ്കൽ ഗ്രാമപഞ്ചായത്ത് വരെ പന്ത്രണ്ട് പഞ്ചായത്തുകളിൽ ഗാന്ധി പ്രതിമകൾ സ്ഥാപിച്ചു.