ഒമ്പതാം ക്ലാസുകാരന് കളിത്തോഴി കൃഷി

Saturday 04 October 2025 1:23 AM IST

ഉദിയൻകുളങ്ങര: വിഷ രഹിത പച്ചക്കറി കൃഷിയിൽ മാതൃകയായി ഒമ്പതാം ക്ലാസുകാരൻ. അമരവിള കീഴ്കൊല്ല കൈനിലവിളകത്ത് വീട്ടിൽ സജീവ്കുമാറിന്റെയും ഡാളി ദമ്പതികളുടെ മകൻ സിജോ ഡി.സജി (14) യാണ് കൃഷിയിൽ ശ്രദ്ധേയനാകുന്നത്. ഒഴിവുദിവസങ്ങളിലും ക്ലാസുകൾ കഴിഞ്ഞുള്ള നേരത്തുമായാണ് കൃഷിക്കായി സമയം കണ്ടെത്തുന്നത്.

അമരവിള എൽ.എം.എസ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് സിജോ ഡി. സജി. ചെങ്കൽ പഞ്ചായത്തിന്റെ കീഴിൽ മികച്ച വിദ്യാർത്ഥി കർഷകനുള്ള ഈ വർഷത്തെ അവാർഡും സിജോ കരസ്ഥമാക്കി.

1600സ്ക്വയർ ഫീറ്റിൽ വീട്ടിന്റെ തട്ടിൻപുറത്തും 10സെന്റ് വസ്തുവിലുമായി നൂറുകണക്കിന് ചെടിച്ചട്ടികളിലും കവറുകളിലുമാണ് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്.

ചാക്കിൽ ജൈവ വളം നിറച്ച് ആറുമാസത്തിൽ വിളവെടുക്കാൻ കഴിയുന്ന സംയോജിത കൃഷിയായ

ചീര,വ്ലാത്താങ്കര ചീര,പച്ചചീര, മധുര ചീര, കുപ്പചീര, അഗസ്ത്യചീര, നിത്യവഴുതന, കുറ്റിവഴുതന,

വയലറ്റ് വഴുതന,വാളൻ വഴുതന,കത്തിരിക്ക,വെണ്ട,പയർ വർഗ്ഗങ്ങൾ, കുറ്റിവാളരി, നീളൻ വാളരി,സോയാബീൻസ്, ചതുരപ്പയർ,കോവൽ,പാവൽ,ചേമ്പ്,ചേന,മധുരക്കിഴങ്ങ്,കൂവക്കിഴങ്ങ്,

പഴവർഗങ്ങളായ സീതപ്പഴം, സപ്പോട്ട,നെല്ലി,ചെറി,പീനട്ട്,റമ്പൂട്ടാൻ,പപ്പായ,പാഷൻ ഫ്രൂട്ട്,ഡ്രാഗൺ ഫ്രൂട്ട്,

നാണ്യവിളകളായ കുരുമുളക്,ഇഞ്ചി,മഞ്ഞൾ, കാപ്പി,കൊക്കോ,കോലിഞ്ചി, ഔഷധസസ്യങ്ങളായ അശോകം,ശതാവരി,ആടലോടകം,വെള്ളതുളസി,കൃഷ്ണതുളസി,രാമതുളസി, സിങ്കോണ എന്നിവയും മറ്റ് പച്ചക്കറികളും ആയുർവേദ ചികിത്സക്കെടുക്കുന്ന ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.