മണ്ണോടുചേർന്ന്... ഉദയംകുളത്തെ ഗാന്ധി സ്മൃതിയാലയം

Saturday 04 October 2025 1:23 AM IST

ഉദിയൻകുളങ്ങര: തെക്കൻ കേരളത്തിൽ ഗാന്ധിജിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഗാന്ധിസ്മൃതിയാലയം വിസ്മൃതിയിലേക്ക്. ഗാന്ധിജി ഒരുപകൽ മുഴുവൻ വിശ്രമിച്ച ഇപ്പോഴത്തെ ഉദയംകുളം എൽ.എം.എസ്.എൽ.പി.എസ് എന്ന കുടിപ്പള്ളിക്കൂടത്തിന് സമീപത്ത് ഗാന്ധിജിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ഖാദി വസ്ത്ര നെയ്ത്തുശാല തകർന്നടിഞ്ഞിട്ട് അഞ്ചു വർഷമായി. ഉദിയൻകുളങ്ങരയിലെ കേന്ദ്ര ഖാദി കമ്മിഷന്റെ കീഴിലുള്ള ഖാദി കേന്ദ്രത്തിനാണ് ഈ ദുർവിധി. 1925 മാർച്ച് 4ന് വൈക്കത്തുനിന്ന് കുളച്ചലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗാന്ധിജി ഈപ്രദേശം സന്ദർശിക്കുന്നത്.

ഇവിടെത്തെ കുടിപ്പള്ളിക്കൂടത്തിൽ നിരവധി മത-സംസ്കാരിക നേതാക്കന്മാരുമായി മഹാത്മാഗാന്ധി

ചർച്ച നടത്തിയതിന്റെ സ്മരണയ്ക്കാണ് 45 വർഷം മുമ്പ് ഇവിടെ ഖാദി കേന്ദ്രം സ്ഥാപിച്ചത്. 1994-95കാലഘട്ടം വരെ ഇവിടെ 160ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. 2017-18 എത്തിയപ്പോഴേക്ക് ഇവിടെ അവശേഷിച്ചത് സമീപവാസിയായ ഒരു വനിത മാത്രമാണ്. ഗ്രാമീണ ചർക്ക നൂൽ നെയ്യാനും പാവ് ഇടുവാനുമുള്ള തൊഴിലാളികളെ കിട്ടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

ഖാദി കേന്ദ്രം തകർന്നടിഞ്ഞു

ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാൽ ഖാദി കേന്ദ്രം തകർന്നുവീഴുകയും അതിനകത്തുണ്ടായിരുന്ന ഉപകരണങ്ങൾ മുഴുവൻ ചിതൽ കയറി നശിക്കുകയും ചെയ്തിരുന്നു. കെട്ടിടം ഇഴജന്തുക്കളുടെ താവളമായി. ആകെ ഉണ്ടായിരുന്ന ഒരു വനിതാ തൊഴിലാളിയും തൊഴിൽ നിറുത്തിയതോടെ അവശേഷിച്ചിരുന്ന ഏക ഗ്രാമീണ ചർക്കയുടെ പ്രവർത്തനവും നിലച്ചു.

ആലയത്തിനുള്ളിലുള്ള ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഖാദിയന്ത്ര സാമഗ്രികളും ചർക്കകളും തറികളും വെയിലും മഴയുമേറ്റ് നശിച്ചു.

 അരോപണങ്ങൾ ഏറെ

50 സെന്റിൽ കൂടുതൽ ഉണ്ടായിരുന്ന ബോർഡിന്റെ ഭൂമിയിൽ 30 സെന്റോളം ബന്ധപ്പെട്ട അധികൃതർ വിറ്റു. സ്ഥാപനത്തിലേക്ക് എത്തിച്ചേരാനുള്ള വഴി ഇല്ലാതായതോടെയാണ് ഈ സ്മൃതിയാലയം തകർച്ചയിലെത്തിയതെന്ന് മുൻ ജീവനക്കാർ ആരോപിക്കുന്നു. എന്നാൽ പൂട്ടിക്കിടക്കുന്ന ഈ സ്ഥാപനത്തിന്റെ പേരിൽ ഇപ്പോഴും സർക്കാരിൽ നിന്ന് ഗ്രാന്റുകൾ കൈപ്പറ്റുന്നതായും ആരോപണമുണ്ട്.