കോർപറേഷൻ ഗ്രൗണ്ട്: മേയറുടെ ഫൗളിന് കളക്ടറുടെ കാർഡ്
തൃശൂർ: കോർപറേഷൻ ഗ്രൗണ്ട് കായിക വകുപ്പിന്റെ അനുമതിയില്ലാതെ നവീകരണം നടത്താൻ നൽകിയ മേയർ എം.കെ.വർഗീസിന്റെ നീക്കത്തിനെതിരെ കളക്ടർ അർജുൻ പാണ്ഡ്യൻ ഇടപെട്ടു. സിന്തറ്റിക് ട്രാക്കിന്റെയും ടർഫിന്റെയും നിർമാണവുമായി ബന്ധപ്പെട്ട് കായികവകുപ്പും കോർപറേഷനും തമ്മിലുള്ള ധാരണാപത്രം നിലനിൽക്കുന്നതിനാൽ യൂണിഫൈഡ് ഫുട്‌ബോൾ ഡെവലപ്‌മെന്റ് ലിമിറ്റഡിന് നൽകാനാകില്ലെന്ന് കാണിച്ചാണ് കളക്ടർ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. ജില്ല അത്‌ലറ്റിക് അസോസിയേഷൻ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കോർപറേഷൻ സ്റ്റേഡിയം കൈമാറുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് മേയർ സ്റ്റേഡിയം സ്വകാര്യ കമ്പനിക്ക് അഞ്ചു വർഷത്തേക്ക് കൈമാറാൻ തീരുമാനിച്ചത്. കോർപറേഷന്റെ കീഴിൽ അത്‌ലറ്റുകൾക്ക് പരിശീലനം നടത്താനോ മത്സരങ്ങൾ നടത്താനോ ഒരു ഗ്രൗണ്ട് പോലും ഇല്ലാത്ത സാഹചര്യമാണ്. ആകെ പ്രതീക്ഷയുണ്ടായിരുന്നത് കോർപറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് വരുമെന്നതായിരുന്നു. അതും ഇപ്പോൾ ഇല്ലാതാക്കിയതിനെ തുടർന്നാണ് അത്‌ലറ്റിക്‌സ് അസോസിയേഷൻ കളക്ടറെ സമീപിച്ചത്.