കായികാദ്ധ്യാപക സമരം, ഉപജില്ലാ കായികമേള താളം തെറ്റി
തൃശൂർ : കായികാദ്ധ്യാപകരുടെ സമരത്തിൽ തകിടം മറിഞ്ഞ് സ്‌കൂൾ കായിക മേളകൾ. തസ്തികാ മാനദണ്ഡം ശാസ്ത്രീയമായി പരിഷ്‌കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിച്ച് കുട്ടികളുടെ പഠനാവകാശം ഉറപ്പുവരുത്തുക, ഹയർസെക്കൻഡറിയിൽ കായികാദ്ധ്യാപക തസ്തിക അനുവദിച്ച് നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടന നടത്തുന്ന നിസഹകരണ സമരമാണ് മേളകളെ പ്രതിസന്ധിയിലാക്കിയത്.
കായികാദ്ധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടർന്ന് വിരമിച്ച കായികാദ്ധ്യാപകരെ ഉപയോഗിച്ചാണ് ഉപജില്ലാ കായിക മത്സരങ്ങൾ വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. 12 ഉപജില്ലകളിൽ കായിക മേളകൾ പത്താം തീയതിക്കുള്ളിൽ പൂർത്തിയാക്കണം. ഇന്നലെ കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഈസ്റ്റ് ഉപജില്ലാ മത്സരമാരംഭിച്ചപ്പോൾ നിയന്ത്രിച്ചിരുന്നത് വിരമിച്ച അദ്ധ്യാപകരാണ്. ഈസ്റ്റ് ഉപജില്ലയിൽ മാത്രം 2500 ഓളം താരങ്ങൾ പങ്കെടുത്തിരുന്നത് ഇത്തവണ 1900 പേർ മാത്രമായി. മറ്റ് ഉപജില്ലകളിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുക്കാറ്.
മേള താളം തെറ്റും
കുന്നംകുളത്ത് 16, 17, 18 തിയതികളിൽ കുന്നംകുളം ഗവ.ബോയ്‌സ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജില്ലാ കായികമേളയും താളം തെറ്റിയേക്കും. കായികാദ്ധ്യാപകരും അത്‌ലറ്റിക് അസോസിയേഷനും ചേർന്നാണ് റവന്യൂ സ്‌കൂൾ കായിക മേളകൾ നടത്താറ്. എന്നാൽ കായികാദ്ധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അത്‌ലറ്റിക് അസോസയേഷനും രംഗത്തുണ്ട്. മൂന്ന് ദിവസത്തെ കായികമേളയിൽ 2500 ലേറെ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ജില്ലയിൽ ആകെ 184 പേർ
ആയിരത്തിലേറെ എയ്ഡഡ് , സർക്കാർ സ്‌കൂളുകളിലായി ആകെയുള്ളത് 184 കായികാദ്ധ്യാപകരാണ്. ഹയർസെക്കൻഡറി കുട്ടികളിൽ നിന്നും, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും എല്ലാമായി മത്സരങ്ങളുടെ നടത്തിപ്പിനായി തുക സമാഹരിച്ചിട്ടാണ് താരങ്ങളോട് കൊടുംചതി ചെയ്യുന്നതെന്ന് സംയുക്താദ്ധ്യാപക സംഘടനാ ഭാരവാഹികൾ ആരോപിച്ചു. മത്സരങ്ങൾ നടത്താതെ സെലക്‌ഷൻ ട്രയൽസ് മാത്രം പൂർത്തീകരിച്ച് കുട്ടികളെ ഹയർ ലെവൽ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നുവെന്നല്ലാതെ സബ്ജില്ലാ മത്സരങ്ങൾ നടത്തി വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റോ മെഡലോ നൽകുന്നുമില്ല.