യു.എസ് തീരുവയ്ക്ക് വിമർശനം --- ഇന്ത്യ ആർക്കും മുന്നിൽ തലകുനിക്കില്ല: പുട്ടിൻ
Saturday 04 October 2025 2:11 AM IST
മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള യു.എസിന്റെ ശ്രമങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്ത്യ ഒരിക്കലും അത്തരം സമ്മർദ്ദങ്ങളോട് വഴങ്ങില്ലെന്നും ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധിമാനായ നേതാവാണെന്നും പുട്ടിൻ പ്രശംസിച്ചു. 'റഷ്യയും ഇന്ത്യയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. പ്രധാനമന്ത്രി മോദിയെ തനിക്കറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കില്ല. യു.എസിന്റെ തീരുവകൾ കാരണം ഇന്ത്യ നഷ്ടങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലൂടെ സന്തുലിതമാക്കും" - റഷ്യ ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉത്പന്നങ്ങളും മരുന്നുകളും വാങ്ങുമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.