യു.കെയിൽ കുടിയേ​റ്റ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സാദ്ധ്യത

Saturday 04 October 2025 2:13 AM IST

ലണ്ടൻ: യു.കെയിലെ മാഞ്ചസ്‌റ്ററിൽ സിനഗോഗിന് (ജൂത ദേവാലയം) നേരെ ആക്രമണം നടത്തിയത് സിറിയയിൽ നിന്ന് അഭയാർത്ഥിയായി എത്തി ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണെന്ന് വ്യക്തമായതോടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ രംഗത്ത്. രാജ്യത്തെ കുടിയേറ്റ നിയമങ്ങളും അഭയ സംവിധാനങ്ങളും പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചതായി ഇവർ ആരോപിക്കുന്നു.

അനധികൃത കുടിയേറ്റത്തിനെതിരെ ഒരു ലക്ഷത്തിലേറെ പേർ അണിനിരന്ന വമ്പൻ റാലിക്ക് സെപ്‌തംബറിൽ ലണ്ടൻ സാക്ഷ്യം വഹിച്ചിരുന്നു. മാഞ്ചസ്‌റ്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ വിരുദ്ധ റാലികളുടെ തുടർച്ച ഉണ്ടായേക്കുമെന്ന ജാഗ്രതയിലാണ് പൊലീസ്.

രണ്ട് ജൂത വിശ്വാസികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പൊലീസും പ്രതിയും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. പ്രതി ജിഹാദ് അൽ ഷാമിയെ (35) പൊലീസ് വെടിവച്ചു കൊന്നിരുന്നു.

സിനഗോഗിന് പുറത്തുണ്ടായിരുന്നവർക്ക് നേരെ കാറോടിച്ചു കയറ്റിയ ഇയാൾ,​ മുന്നിൽ കണ്ടവരെ കുത്തിവീഴ്ത്തുകയായിരുന്നു. കുട്ടിയായിരിക്കെ സിറിയയിൽ നിന്ന് അഭയാർത്ഥിയായി യു.കെയിലെത്തിയ ഷാമിക്ക് 2006ലാണ് പൗരത്വം ലഭിച്ചത്.