ലൈംഗികത്തൊഴിലാളികളെ ആക്രമിച്ച് പണം തട്ടി; ഇന്ത്യക്കാ‌ർക്ക് അഞ്ച് വർഷം തടവും 12 ചൂരലടിയും വിധിച്ച് സിംഗപ്പൂർ കോടതി

Saturday 04 October 2025 7:56 AM IST

സിംഗപ്പൂർ: ലൈംഗികത്തൊഴിലാളികളെ ആക്രമിച്ച ശേഷം കൊള്ളയടിച്ച സംഭവത്തിൽ പ്രതികളായ രണ്ട് ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. അഞ്ച് വർഷവും ഒരു മാസവും തടവും 12 ചൂരൽ അടിയുമാണ് ശിക്ഷ. സിംഗപ്പൂരിൽ വിനോദസഞ്ചാരത്തിനായി പോയ പ്രതികൾ രണ്ട് ലൈംഗികത്തൊഴിലാളികളെ ഹോട്ടൽ മുറിയിൽ വച്ച് ആക്രമിക്കുകയായിരുന്നു.

ആരോക്കിയസാമി ഡെയ്‌സൺ (23)​,​ രാജേന്ദ്രൻ മയിലരസൻ (27)​ എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് ഇവർ സിംഗപ്പൂരിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ലിറ്റിൽ ഇന്ത്യ പ്രദേശത്തിലൂടെ നടക്കുമ്പോൾ കണ്ടുമുട്ടിയ അജ്ഞാതനിൽ നിന്നാണ് ഇവർ ലൈംഗികത്തൊഴിലാളികളായ രണ്ട് സ്‌ത്രീകളുടെ ഫോൺ നമ്പർ സംഘടിപ്പിക്കുന്നത്.

ശേഷം അന്ന് വൈകിട്ട് ആറ് മണിക്ക് ഹോട്ടൽ മുറിയിലെത്താൻ ഇവർ ഒരു യുവതിയോട് പറഞ്ഞു. യുവതി മുറിയിലേക്ക് കടന്നതോടെ പ്രതികൾ ഇവരുടെ കൈകാലുകൾ തുണി ഉപയോഗിച്ച് കെട്ടി. തുടർന്ന് ക്രൂരമായി മർദിച്ച് അവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ,​ 2000 സിംഗപ്പൂർ ഡോളർ,​ പാസ്‌പോർട്ട്,​ ബാങ്ക് കാർഡുകൾ എന്നിവ തട്ടിയെടുത്തു.

പിന്നീട് രാത്രി 11 മണിയോടെ മറ്റൊരു ഹോട്ടലിൽ വച്ച് രണ്ടാമത്തെ സ്‌ത്രീയെ പ്രതികൾ വിളിച്ചുവരുത്തി. ഇവരെ വലിച്ചിഴച്ച ശേഷം വായപൊത്തിപ്പിടിച്ചു. ഈ സ്‌ത്രീയിൽ നിന്ന് 800 സിംഗപ്പൂർ ഡോളർ,​ രണ്ട് മൊബൈൽ ഫോണുകൾ,​ പാസ്‌പോർടട് എന്നിവയാണ് മോഷ്‌ടിച്ചത്. പ്രതികൾ തിരിച്ചെത്തുന്നതുവരെ മുറിയിൽ നിന്ന് പുറത്തേക്ക് പോകരുതെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അടുത്ത ദിവസമാണ് ഇരകളിലൊരാൾ പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസ് പ്രതികളെ കണ്ടെത്തി. തങ്ങളോട് ക്ഷമിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയിൽ വച്ച് ഇവർ ജ‌ഡ്‌ജിയോട് അപേക്ഷിച്ചു.

"എന്റെ അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. എനിക്ക് മൂന്ന് സഹോദരിമാരുണ്ട്. അവരിൽ ഒരാൾ വിവാഹിതയാണ്, ഞങ്ങൾക്ക് ജീവിക്കാൻ പണമില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്തത്" എന്ന് ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ആരോക്കിയസാമി പറഞ്ഞു. "എന്റെ ഭാര്യയും കുട്ടിയും ഇന്ത്യയിൽ ഒറ്റയ്ക്കാണ്, അവർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്" എന്നാണ് രാജേന്ദ്രൻ കോടതിയിൽ പറഞ്ഞത്. കവർച്ച,​ ആക്രമണം എന്നീ കുറ്റകൃത്യങ്ങൾക്ക് അഞ്ച് മുതൽ 20 വർഷം വരെ തടവും 12 ചൂരൽ അടിയുമാണ് രാജ്യത്തെ ശിക്ഷയെന്നാണ് സിംഗപ്പൂർ ഡെയ്‌ലിയുടെ റിപ്പോർട്ടിൽ പറയുന്നത്.