ബന്ദികളെ വിട്ടയക്കാൻ തയ്യാറായി ഹമാസ്; ഇസ്രയേൽ ഉടൻ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ്

Saturday 04 October 2025 8:16 AM IST

വാഷിംഗ്‌ടൺ: ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. രണ്ടുവര്‍ഷത്തോളമായി തുടരുന്ന ഗാസായുദ്ധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

'ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.' ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

താൻ മുന്നോട്ടുവച്ച സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറിന് മുമ്പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ്, ആയുധം വച്ച് കീഴടങ്ങണമെന്ന ആവശ്യം തുടങ്ങി മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.'ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.