കരിമീനേ നീ എവിടെ?
കോട്ടയം: ആറ്റുകൊഞ്ച് വേമ്പനാട്ട് കായലിൽ കിട്ടാക്കനിയാകുന്നതിന് പിന്നാലെ കരിമീന്റെ അളവിലും വൻ കുറവ്. കരിമീന്റെ കുറവ് മത്സ്യത്തൊഴിലാളികളേയും വ്യാപാരികളേയും സാരമായി ബാധിക്കുന്നുണ്ട്. എൺപത് ശതമാനം വരെ ലഭ്യത കുറഞ്ഞതാണ് ഞെട്ടിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ മത്സ്യ സർവേയിൽ സാമ്പിളിന് പോലും ആറ്റുകൊഞ്ചിനെ കായലിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. വലിയ ചാക്കിൽ നിറയെ മീൻ കിട്ടിയിരുന്ന കാലത്ത് നിന്ന് ഇപ്പോൾ ചെറുകുട്ടകൾ നിറയാൻ പോലും കരിമീൻ ഇല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മുപ്പത് കിലോ പോലും കിട്ടാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ ശാസ്ത്രീയപഠനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചെളിമൂടി, ആഴംകുറഞ്ഞു
കായലിൽ ചെളിയുടെ അളവ് കൂടിയത് മൂലം പലേടത്തും മീനച്ചിലാറിനേക്കാൾ ആഴം കുറഞ്ഞു. മീനച്ചിലാറിന്റെ ആഴം നാലുമീറ്ററാണെങ്കിൽ വേമ്പനാട്ട് കായലിൽ ഇത് 2.05 മീറ്ററാണ്. പ്രളയത്തിലെത്തിയ ചെളി പലയിടത്തും ചെറുതുരുത്തുപോലെ രൂപപ്പെട്ടത് മത്സ്യബന്ധനത്തെയും ബാധിക്കുന്നു. 2018 ലെ പ്രളയ ശേഷമാണ് കായലിൽ ചെളികൂടിയത്. സ്വാഭാവിക ഒഴുക്കിൽ വെള്ളത്തിനൊപ്പം കടലിലേയ്ക്ക് ഒഴുകിമാറേണ്ട ചെളി ഒഴുകി മാറിയില്ല. കായലിൽ എക്കൽ അടിയുന്നത് ജലസസ്യങ്ങൾക്ക് അനുകൂലമാണ്. എന്നാൽ ചെടി വളർന്ന് ഈ ഭാഗം ചതുപ്പുനിലമായി മാറുന്നത് കായലിന്റെ വിസ്തൃതി കുറയാൻ ഇടയാക്കും.
പ്രശ്നങ്ങൾ
വെള്ളം കലങ്ങിക്കിടക്കുന്നത് മത്സ്യങ്ങളെ ബാധിക്കും.
കക്കയുടെ വളർച്ച ഇല്ലാതാക്കും.
പരിഹാരം
വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുക
ഗ്രാബെന്ന ചെറു യന്ത്രം ഉപയോഗിച്ച് ചെളിമാറ്റണം
മുന്നിലുണ്ട് മുൻമാതൃക
ഒരു കാലത്ത് വംശനാശ ഭീഷണിയിലായ പുല്ലൻ, മഞ്ഞക്കൂരി എന്നിവയുടെ ലഭ്യത ഇപ്പോൾ കൂടിയത് ഇവയുടെ സംരക്ഷണത്തിന് സ്വീകരിച്ച വഴികളാണ്. സമാനമായ രീതിയിൽ കരിമീൻ ലഭ്യത കൂട്ടാനും വംശനാശം ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.