മെട്രോ കോച്ചിൽ നാടകീയ രംഗങ്ങൾ: രണ്ട് പേർ തമ്മിൽ അടിപിടി, ഇടപെട്ട് യാത്രക്കാർ,​ പിന്നീട് സംഭവിച്ചത്

Saturday 04 October 2025 12:07 PM IST

ന്യൂ‌ഡൽഹി: രാജ്യതലസ്ഥാനത്തെ ജീവനാഡിയായാണ് ഡൽഹി മെട്രോയെ പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ അപ്രതീക്ഷിത ഗുസ്തി വേദിയായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ഡൽഹി മെട്രോ. രണ്ട്പേർ തമ്മിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

അക്രമത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു സാധാരണ വഴക്ക് നിമിഷങ്ങൾക്കുള്ളിലാണ് വലിയ അക്രമത്തിലേക്ക് നീങ്ങിയത്.

സീറ്റിനു വേണ്ടി ഒരാൾ മറ്റേയാളെ തള്ളിമാറ്റുന്നതും എതിരെ നിന്ന യുവാവിനെ തറയിലേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്യുന്നുണ്ട്. തറയിൽ വീണ യുവാവ് ഇയാളെ എതിരിട്ടതോടെ വഴക്ക് രൂക്ഷമാകുകയും ചവിട്ടിയ ആളുടെ മുടിയിൽ മറ്റൊരു യുവാവ് പിടിച്ച് വലിക്കുയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

കോച്ചിൽ ഉണ്ടായിരുന്ന തർക്കവും ബഹളവും കണ്ട് അമ്പരന്ന് നിന്നു.

ചിലർ ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് കൂട്ടരും വഴക്ക് നിർത്താൻ കൂട്ടാക്കിയില്ല. എന്നാൽ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ചിലർ ഇടപെട്ട് രണ്ടുപേരെയും പിട‌ിച്ചുമാറ്റുകയായിരുന്നു. വേർപെടുത്തിയ ശേഷവും തർക്കം പൂർണമായിട്ടും അവസാനിച്ചില്ല. അടിയുണ്ടാക്കിയ ഒരാൾ മറ്റേയാളെ തെറി പറഞ്ഞപ്പോൾ വീണ്ടും പ്രകോപനം ഉണ്ടായി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം സംഭവങ്ങൾ ഡൽഹി മെട്രോയിലെ സ്ഥിരം കാഴ്ചയാണെന്നാണ് പലരും വീഡിയോയുടെ കമന്റ് സെഷനിൽ രേഖപ്പെടുത്തിയത്.