'സുപ്രധാന ചുവടുവയ്‌പ്പ്'; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നരേന്ദ്രമോദി

Saturday 04 October 2025 12:15 PM IST

ന്യൂഡൽഹി: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാന ചുവടുവയ്‌പ്പാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു.

ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചിരുന്നു. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഞായറാഴ്‌ച വൈകിട്ട് ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണമുണ്ടായത്.

ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. എങ്കിൽ മാത്രമേ ബന്ദികളെ വേഗത്തിലും സുരക്ഷിതമായും തിരികെ ലഭിക്കൂ എന്നും ട്രംപ് വ്യക്തമാക്കി.