ലോകചാമ്പ്യൻഷിപ്പിന് ഇന്ത്യയിലെത്തിയ വിദേശ പരിശീലകർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു
ന്യൂഡൽഹി: ലോക പാരാ അത്‌ലറ്റിക് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയ വിദേശ പരീശീലകർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു. ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാം അപ് ട്രാക്കിന് സമീപത്തുവച്ച് കെനിയൻ പരിശീലകൻ ഡെന്നിസ് മുവാൻസോ, ജപ്പാനിൽ നിന്നുള്ള മിയെകോ ഒകുമാത്സു എന്നിവർക്കാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റത്. ഇവരെ ഉടൻ തന്നെ സഫ്‌ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് റാബിസ് വാക്‌സിൻ നൽകി.
രാജ്യതലസ്ഥാനത്ത് തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്ന് മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമുണ്ടായത്. തെരുവുനായ്‌ക്കളുടെ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് കെനിയൻ സംഘത്തിനൊപ്പമെത്തിയ ഡോക്‌ടർ മിഖായേൽ കോരോ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 200 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന സ്‌പ്രിന്റർ സ്റ്റേസി ഒബോനോയ്‌ക്ക് വേണ്ടി സ്റ്റാർട്ടിംഗ് ബ്ലോക്ക് തയാറാക്കുന്നതിനിടെയായിരുന്നു കെനിയൻ പരിശീലകനെ തെരുവുനായ കടിച്ചത്.