വിജയ്ക്ക് കുരുക്ക്; ടിവികെയുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ നീക്കം, ബസിനകത്തും പുറത്തുമുളള സിസിടിവി ദൃശ്യങ്ങളും വേണം

Saturday 04 October 2025 2:36 PM IST

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കരൂരിൽ ടിവികെയുടെ പ്രചാരണറാലിക്കിടയിൽ 41 പേർ മരിച്ച സംഭവത്തിനുപിന്നാലെയാണ് കോടതി ഉത്തരവിട്ടത്. വിജയ്‌യുടെ പ്രചാരണ വാഹനം നാമക്കൽ പൊലീസ് ഉടൻ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പൊലീസ് കൈമാറിയിട്ടുണ്ട്.

തിക്കിലുംതിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ട് എടുത്തെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സാധാരണഗതിയിലുള്ള അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വാഹനം കടന്നുപോയ പ്രദേശത്തുള്ള സിസിടിവികളും വിജയ്‌യുടെ പ്രചാരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിജയ്‌ക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. കരൂരിലെ ദുരന്തം മനുഷ്യനിർമിതമാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാർട്ടി ആണിതെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് ചോദിച്ചത്. രണ്ട് പേരെ അറസ്റ്റു ചെയ്തെന്ന് സർക്കാർ അഭിഭാഷകൻ ജെ.രവീന്ദ്രൻ പറഞ്ഞപ്പോൾ ടിവികെയോട് എന്താണ് ഇത്ര വിധേയത്വം എന്നായിരുന്നു കോടതിയുടെ ചോദ്യം. വിജയ്‌ക്കെതിരെ കേസെടുക്കാൻ നേരിട്ട് നിർദേശിച്ചില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ 'വിജയ്‌പ്പേടിയെ' ശക്തമായി വിമർശിച്ചു. ഇതോടെ വിജയും പ്രതിയാവാൻ സാദ്ധ്യതയേറിയിരിക്കുകയാണ്.