സമാധാന ഉടമ്പടി ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം, മരിച്ചത് ആറുപേർ

Saturday 04 October 2025 3:21 PM IST

ഗാസാസിറ്റി: ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചെന്ന റിപ്പോർട്ടിന് തൊട്ടുപിന്നാലെ ഗാസയിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. രണ്ട് ആക്രമണങ്ങളിലായി നിരപരാധികളായ ആറുപേരാണ് മരിച്ചത്. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ ഒരുവീട്ടിലെ നാലുപേർക്കാണ് ജീവൻ നഷ്ടമായത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത്. ജനവാസ മേഖലകളിൽ ആക്രമണം നടത്താനുളള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ആക്രമണങ്ങൾ കുറയ്ക്കാൻ സൈന്യത്തിന് ഇസ്രയേൽ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം, ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാന ചുവടുവയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചിരുന്നു. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ സമയം ഞായറാഴ്‌ച വൈകിട്ട് ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണമുണ്ടായത്.

ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. എങ്കിൽ മാത്രമേ ബന്ദികളെ വേഗത്തിലും സുരക്ഷിതമായും തിരികെ ലഭിക്കൂ എന്നും ട്രംപ് വ്യക്തമാക്കി.