വിജയ് ഒറ്റയ്ക്കാകില്ല, മുന്നറിയിപ്പുമായി ബിജെപി; നടന് നൽകിയത് വലിയൊരു ഉപദേശം

Saturday 04 October 2025 4:39 PM IST

ന്യൂഡൽഹി: കരൂ‌ർ ദുരന്തത്തിനുശേഷം നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയെ ഒപ്പം നിർത്താൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നതായി വിവരം. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യത മുന്നിൽകണ്ട് നടന്റെ വമ്പിച്ച ആരാധകവൃന്ദത്തെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. ഡിഎംകെ അന്യായമായി വിജയ്‌യെ ലക്ഷ്യം വച്ചാൽ അദ്ദേഹം ഒറ്റയ്ക്കാകില്ലെന്ന് മുതിർന്ന ബിജെപി നേതാവ് ടിവികെയെ അറിയിച്ചതായാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ഡിഎംകെയെ ഒറ്റപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ടിവികെയെ ഇക്കാര്യം അറിയിച്ചതായും വിജയ് ക്ഷമയോടെ കാത്തിരിക്കണമെന്ന് നിർദ്ദേശിച്ചതായും ബിജെപിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെ ഭരണവിരുദ്ധ വികാരം നേരിടേണ്ടിവരുമെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ സർക്കാരിന്റെ ഒരുക്കങ്ങളുടെ പിഴവാണെന്ന് ബിജെപി അന്നുമുതൽ കുറ്റപ്പെടുത്തിയിരുന്നു. ദുരന്തത്തിൽ ടിവികെയെ മാത്രം ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും ബിജെപി വാദിച്ചു.

വിജയ‌്‌യുടെ ജനപ്രീതിയുടെ ഫലമായി ടിവികെയ്ക്ക് വോട്ടർമാരെ സ്വാധീനിക്കാനും തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രധാന ശക്തിയായി ഉയർന്നുവരാനും കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഡിഎംഡികെ, എൻടികെ പോലുള്ള ചെറിയ പാർട്ടികളിൽ നിന്ന് വോട്ടർമാർ ടിവികെയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ, എഐഎഡിഎംകെയുമായുള്ള സഖ്യം തകർക്കാൻ ആഗ്രഹിക്കാത്തതിനാൽ ജാഗ്രതയോടെയാണ് ബിജെപിയുടെ നീക്കമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് പുറമെ, കോൺഗ്രസും ടിവികെയുമായി ബന്ധപ്പെട്ടിരുന്നു.