വിവാഹ നിശ്ചയം കഴിഞ്ഞു വിജയ് ദേവരകൊണ്ട - രശ്മിക വിവാഹം ഫെബ്രുവരിയിൽ

Sunday 05 October 2025 6:58 PM IST

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും എന്നാണ് വിവരം. വിവാഹ നിശ്ചയത്തെക്കുറിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. പലതവണ ഇരുവരുടെയും വിവാഹ നിശ്ചയ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോഴത്തെ വാർത്തകൾ സത്യമാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 3ന് വിവാഹ നിശ്ചയം കഴിഞ്ഞതെന്നാണ് റിപ്പോർട്ട്. വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഏറെ നാളായുണ്ട്. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു ആഘോഷ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് അന്ന് ര ണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഒരുമിച്ചിട്ടുണ്ട്. അതേസമയം കിംഗ്ഡം ആണ് വിജയ് ദേവരകൊണ്ട നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ധനുഷ് നായകനായ കുബേര ആണ് രശ്‌മിക നായികയായി അവസാനം റിലീസ് ചെയ്തത്.