കൊട്ടും കുരവയുമില്ലാതെ ആര്യ ദയാലിന്റെ വിവാഹം
സംഗീതപ്രേമികളുടെ ഹൃദയം കവർന്ന യുവഗായിക ആര്യ ദയാൽ വിവാഹിതയായി.എസ്.എസ്. അഭിഷേക് ആണ് വരൻ. യാതൊരു ആർഭാടങ്ങളില്ലാതെ ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു. ഇരുവരും ഒന്നിച്ച് വിവാഹ സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആര്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. അഭിഷേകിനെ ടാഗ് ചെയ്ത 3/ 10 / 2025 എന്ന തീയതിയോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലളിതമായ ആഭരണങ്ങളാണ് ആര്യ അണിഞ്ഞത്. പച്ചയിൽ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഒഫ് വൈറ്റ് സാരിയാണ് വേഷം. ഫ്ളോറൽ പ്രിന്റ് ഷർട്ടും മുണ്ടുമാണ് അഭിഷേകിന്റെ വേഷം. കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ 'സഖാവ്" എന്ന കവിത ആലപിച്ചാണ് ശ്രദ്ധ നേടുന്നത്.കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കവർ സോങുകളിലൂടെയും ആര്യ ശ്രദ്ധ നേടി. . കർണാടക സംഗീതവും വെസ്റ്റേൺ പോപ്പ് സംഗീതവും സംയോജിപ്പിച്ച് ആര്യയുടെ ഫ്യൂഷൻ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ആര്യയുടെ പാട്ട് കേട്ട് ആശുപത്രി ദിനങ്ങൾ മനോഹരമായി എന്നു അമിതാഭ് ബച്ചൻ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചിരുന്നു. 'ജീൻസ്" സിനിമയിൽ എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ 'കണ്ണോട് കാൺപതെല്ലാം" എന്ന പാട്ടിന്റെ കവറിലൂടെ ആര്യ കൂടുതൽ ശ്രദ്ധേയയായി. 96 സിനിമയിൽ ലൈ ഒഫ് റാം എന്ന പാട്ടിന്റെ കവറും ശ്രദ്ധ നേടി കൊടുത്തു.