ലോകാരോഗ്യ സംഘടനയും, കാരിത്താസ്   ഹോസ്പിറ്റലുമായി സാങ്കേതിക സഹകരണം

Sunday 05 October 2025 12:48 AM IST

കോട്ടയം : കേരളത്തിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്താനായി ലോകാരോഗ്യ സംഘടന (WHO) യും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റും തമ്മിൽ സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പിട്ടു. മദ്ധ്യതിരുവിതാംകൂർ ജില്ലകളെ കേന്ദ്രീകരിച്ച് കേരളത്തിന്റെ പൊതു ആരോഗ്യരംഗത്ത് ഗണ്യമായ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നതാണ് ധാരണാപത്രം. കഴിഞ്ഞ ദിവസം ഡൽഹിയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് ഇന്ത്യയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. റോഡറിക്കോ എച്ച് ഓഫ്രിനും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാ.ഡോ. ബിനു കുന്നത്തുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പ്രോജക്ട് ഏകോപനത്തിനായി കാരിത്താസ് ആശുപത്രിയിൽ ലോകാരോഗ്യ സംഘടനയുടെ സെന്റർ പ്രവർത്തിക്കും. രോഗകാരണങ്ങളെ കണ്ടെത്തൽ, പരിശീലനം എന്നിവയ്ക്കായി ഒരു സമന്വിത പൊതു ആരോഗ്യ ലാബോറട്ടറി വികസിപ്പിക്കാൻ സഹായം നൽകുക, ആരോഗ്യരംഗത്തെ പുതുസംരംഭങ്ങൾ സമന്വയിപ്പിക്കുക എന്നിവയായിരിക്കും ലോകാരോഗ്യ സംഘടനയുടെ മുഖ്യചുമതല. മെഡിക്കൽ ഗവേഷണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കും.