ടി.ബിയിലെ ക്യാന്റീന് പൂട്ടുവീണിട്ട് ഒരുവർഷം
കോട്ടയം : വാഗ്ദാനം വാക്കിലൊതുങ്ങി, നഗരവാസികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം വാഗ്ദാനം ചെയ്ത് പുതുക്കിപ്പണിത പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ (കോട്ടയം ടി.ബി) ക്യാന്റീന് പൂട്ടുവീണിട്ട് ഒരുവർഷമായിട്ടും തുറക്കാൻ നടപടിയായില്ല. വി.ഐ.പികൾക്കും സാധാരണക്കാർക്കും മിതമായ നിരക്കിൽ ഒരേ നിലവാരത്തിലുള്ള ഭക്ഷണം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നഷ്ടം കുമിഞ്ഞുകൂടിയതോടെ അടയ്ക്കാൻ നിർബന്ധിതമായെന്നാണ് കരാർ ഉടമ പറയുന്നത്. ഇതോടെ വി.ഐ.പികൾക്ക് ഉൾപ്പെടെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിയായി. ഒരു കാലത്ത് വൈവിദ്ധ്യവും രുചികരവുമായ ഭക്ഷണം വിളമ്പി ജനശ്രദ്ധ നേടിയിരുന്ന ക്യാന്റീനായിരുന്നു ഇത്.
ഭക്ഷണമില്ലേൽ, മുറിയും വേണ്ട
ക്യാന്റീൻ സൗകര്യമില്ലാത്തതിനാൽ മിക്കവരും ഇവിടെ മുറികൾ എടുക്കാറില്ല. ഇതും വരുമാനത്തെ ബാധിച്ചു. സൗകര്യങ്ങൾ വർദ്ധിപ്പിച്ച ക്യാന്റീൻ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. 80 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരുന്നു. അധികൃതരുടെ പിടിപ്പുകേടാണ് ക്യാന്റീൻ നഷ്ടത്തിലാക്കിയതെന്നാണ് ആക്ഷേപം. ഓഡിറ്റോറിയം ദിവസവാടകയ്ക്ക് നൽകുന്നതാണ് നിലവിലെ വരുമാനം. അതിഥികൾക്ക് വേണ്ട സൗകര്യങ്ങൾ പുന:സ്ഥാപിച്ച് റസ്റ്റ് ഹൗസിന്റെ പ്രതിഛായ തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം.
എല്ലാവരും നാട്ടകത്തേക്ക് സർക്കാർ ഉന്നത ഉദ്യോഗസ്ഥരടക്കം നാട്ടകം ഗസ്റ്റ് ഹൗസിനെയാണ് ആശ്രയിക്കുന്നത്
എം.പിമാർ, എം.എൽ.എമാർ എന്നിവരിൽ ഭൂരിഭാഗവും ഇവിടേക്കാണ് പോകുന്നത്
ടി.ബിയിൽ മികച്ച സൗകര്യങ്ങളുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താനാകുന്നില്ല
ചെറിയ പരിപാടികൾക്ക് ഓഡിറ്റോറിയം വാടകയ്ക്ക് എടുക്കുന്നവരാണ് ഏറെയും