വാരിയേഴ്സിന്റെ രാജകീയ യാത്ര; വീണ്ടും ഉയരുന്ന ഫുട്ബാൾ ആരവം

Sunday 05 October 2025 2:02 AM IST

കൊൽക്കത്തയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങൾ നടന്ന സോക്കറിന്റെ പ്രതാപകാലം കണ്ണൂരിനുണ്ടായിരുന്നു. പഴയകാല പ്രൗഢിയിൽ സമ്പന്നമായ ആ ചരിത്രത്തിന് തിലകക്കുറിയായാണ് സൂപ്പർ ലീഗ് കേരളയിലൂടെ കണ്ണൂർ വാരിയേഴ്സ് ഫുട്‌ബാൾ ക്ലബ് വീണ്ടുമിറങ്ങുന്നത്. കണ്ണൂരിന്റെ ആദ്യ പ്രൊഫഷണൽ ഫുട്‌ബാൾ ടീമെന്ന പ്രത്യേകതയോടെ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലേക്ക് കച്ചമുറുക്കിയാണ് വാരിയേഴ്സ് ഇറങ്ങുന്നത്. ആദ്യ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള വെടിക്കോപ്പുകളുമായാണ് കണ്ണൂരിന്റെ ഇത്തവണത്തെ വരവ്. പയ്യാമ്പലം ബീച്ചിൽ വൻ ആവേശാന്തരീക്ഷത്തിൽ നടന്ന ഒഫീഷ്യൽ ടീം പ്രഖ്യാപനവും ജേഴ്സി അവതരണവും കണ്ണൂരിന്റെ ഫുട്‌ബാൾ ലഹരിയെ വീണ്ടും ഉണർത്തിയിരിക്കുകയാണ്.

സ്വപ്നസംഘത്തിന്റെ നിര

ഫുട്‌ബാൾ കമന്റേറ്റർ ഷൈജു ദാമോദരൻ ടീം അംഗങ്ങളെ അവതരിപ്പിച്ച പരിപാടി സിനിമാതാരവും ക്ലബിന്റെ സെലിബ്രിറ്റി പാർട്ട്ണറുമായ ആസിഫ് അലിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. സ്‌പെയിനിൽനിന്നുള്ള മാനുവൽ സാഞ്ചസ് മുഖ്യപരിശീലകനായി വരുമ്പോൾ, ഷഫീഖ് ഹസ്സൻ മഠത്തിൽ സഹപരിശീലകനും എൽദോ പോൾ ഗോൾകീപ്പർ പരിശീലകനുമായി ചുമതലയേൽക്കുന്നു. കണ്ണൂർക്കാരൻ ഗോൾ കീപ്പർ സി.കെ. ഉബൈദ്, സ്പാനിഷ് സ്‌ട്രൈക്കർ അഡ്രിയാൻ സാർഡിനെറോ, കാമറൂൺ താരം എണസ്റ്റിൻ ലാവ്സാംബ എന്നിവരാണ് പുതിയ സീസണിലെ ക്യാപ്ടൻന്മാർ. സി.കെ. ഉബൈദ്, വി. മിഥുൻ, ടി. അൽകെഷ് രാജ് എന്നിവർ ഗോൾ കീപ്പർമാരുമാകും.

അർജന്റീനൻ താരം നിക്കോളാസ് ഡെൽമോണ്ടേയുടെ നേതൃത്വത്തിൽ സച്ചിൻ സുനി, സന്ദീപ് എസ്, വികാസ് സൈനി, മനോജ് എസ്, അശ്വിൻ കുമാർ, പവൻ കുമാർ, ബാസിത്ത് പിപി, ഷിബിൻ സാദ് എം എന്നിവരാണ് പ്രതിരോധ നിരയ്ക്ക് ശക്തിപകരുന്നത്. കൊൽക്കത്തൻ ക്ലബ് ഭവാനിപുർ എഫ്.സിയിൽ നിന്നെത്തിയ സെന്റർ ബാക്ക് ഷിബിൻ സാദ് എന്നിവർക്കാണ് പ്രതിരോധനിരയുടെ സംരക്ഷണ ചുമതല. 2018ൽ ഓൾ ഇന്ത്യ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ സർവകലാശാല ടീമിനായി കളിച്ച മുണ്ടയാട് സ്വദേശിയാണ് ഷിബിൻ.

മിഡ്ഫീൽഡും ആക്രമണ നിരയും

സ്‌പെയിനിൽനിന്നുള്ള അസിയർ ഗോമസ്, കാമറൂണിൽനിന്നുള്ള എണസ്റ്റിൻ ലാവ്സാംബ, ടുണീഷ്യയിൽ നിന്നുള്ള നിദാൽ സൈദ് എന്നീ വിദേശ താരങ്ങൾക്കൊപ്പം ഒ.എം ആസിഫ്, അജയ് കൃഷ്ണൻ, എബിൻ ദാസ്, മുഹമ്മദ് നാസിഫ് എന്നിവരും മിഡ് ഫീൽഡിലുണ്ട്.

സ്‌പെയിനിൽനിന്നുള്ള അഡ്രിയാൻ സാർഡിനെറോ, സെനഗലിൽനിന്നുള്ള അബ്ദുകരീം സാംബ എന്നീ വിദേശികൾക്കൊപ്പം ഗോകുൽ എസ്, മുഹമ്മദ് സനാദ്, ഷിജിൻ ടി, അർഷാദ്, അർജുൻ, മുഹമ്മദ് സിനാൻ എന്നിവരാണ് ഫോർവേഡ് നിരയിൽ.

സൗജന്യ പ്രവേശനം

ക്ലബ് ചെയർമാൻ ഡോ. എം പി ഹസൻ കുഞ്ഞി നടത്തിയ പ്രധാന പ്രഖ്യാപനം വനിതകൾക്കും 12 വയസിന് താഴെയുള്ള കുട്ടികൾക്കും കണ്ണൂർ മുൻസിപ്പിൾ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരങ്ങൾ ഗ്യാലറിയിൽ സൗജന്യമായി കാണാമെന്നതാണ്. ലീഗ് മത്സരങ്ങൾക്കാണ് സൗജന്യ സൗകര്യം ലഭ്യമാകുക.

ജവഹർ സ്റ്റേഡിയം ഒരുങ്ങുന്നു

കണ്ണൂർ വാരിയേഴ്സിന്റെ ഹോം സ്റ്റേഡിയമായ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് നിലവാരത്തിലേക്കുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗ്രൗണ്ടിൽ പുല്ല് വച്ചുപിടിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നു. ആദ്യഘട്ടം പൂർത്തിയായി സൂപ്പർ ലീഗിൽ നിന്നുള്ള പ്രത്യേക ടെക്നിക്കൽ സംഘം വന്ന് പരിശോധന നടത്തിയിരുന്നു. ഗ്രൗണ്ടിന് ചുറ്റുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കുന്ന പ്രവൃത്തിയും തുടങ്ങി. സ്റ്റേഡിയത്തിന് അകത്ത് നിറുത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ കോർപറേഷന്റെ അനുമതിയും ലഭിച്ചു. ഒക്ടോബർ അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് ആദ്യ മത്സരം.

സുവർണകാലത്തിലേക്ക് വീണ്ടും

'കണ്ണൂരിനെ ഞാനിങ്ങ് എടുക്കുവാ' എന്ന പ്രഖ്യാപനം കണ്ണൂരിന്റെ സുവർണകാലം തിരിച്ചുപിടിക്കാനാണ് താൻ വാരിയേഴ്സിന്റെ ചുക്കാൻ പിടിച്ചതെന്ന് ക്ലബ് ചെയർമാൻ ഡോ. എം.പി ഹസൻ കുഞ്ഞി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കരഘോഷത്തോടെ സദസ് ഏറ്റെടുത്തപ്പോൾ എല്ലാം മതിമറന്ന് ഫുട്ബാൾ ലഹരിയിലേക്ക് കേരളം വീണ്ടും ആഴ്ന്നിറങ്ങുകയാണ്. നിലവിൽ ആറ് പാർട്ണർമാരാണ് വാരിയേഴ്സിനുള്ളത്. കേരളത്തിലെ ഫുട്‌ബോളിന്റെ ഭാവിയെ ഉയരങ്ങളിലെത്തിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതിയാണ് ടീം ഉടമകൾക്കുള്ളത്. അവരുടെ ഫുട്‌ബാളിനോടുള്ള അഭിനിവേശവും പ്രതിബദ്ധതയും മികച്ചതാണ്.

കണ്ണൂരിന്റെ മരുമകനെന്ന നിലയിൽ സ്‌നേഹം അനുഭവിക്കുന്ന താൻ പുയ്യാപ്ലയെന്ന നിലയിൽ ആ സ്‌നേഹം ഈ നാടിന് തിരിച്ചു സമ്മാനിക്കാനാണ് വാരിയേഴ്സിനൊപ്പം ചേർന്നതെന്ന സെലിബ്രിറ്റി അംബാസിഡർ ആസിഫ് അലിയുടെ പ്രഖ്യാപനവും ആർപ്പുവിളിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

ടീമിന്റെ ശക്തിയും പ്രതീക്ഷയും

അനുകൂലമായ സാഹചര്യവും പിന്തുണയും ലഭിക്കുന്നതിനാൽ മികച്ച ടീമാകാനും റിസൾട്ടുണ്ടാക്കാനും വാരിയേഴ്സിന് കഴിയും. എല്ലാ കളിക്കാരും സാങ്കേതിക മികവും മനക്കരുത്തും മത്സരസ്വഭാവമുള്ളവരുമാണ് എന്നതും നേട്ടമാകും. ആരാധകരിൽ സന്തോഷവും ഫുട്‌ബാൾ പേമികൾക്കുമുന്നിൽ ആകർഷകമായ ഫുട്‌ബാൾ കാഴ്ചവയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് ടീം ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. ചരിത്രവും പ്രതീക്ഷകളും ഇഴചേർത്ത് കണ്ണൂരിന്റെ ഫുട്‌ബാൾ സ്വപ്നങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട്, ചിട്ടയായ പരിശീലനത്തിലൂടെ കേരള സൂപ്പർ ലീഗ് കിരീടം ഉറപ്പിക്കാനാണ് കണ്ണൂരിന്റെ പോരാളികൾ ഒരുങ്ങുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ തങ്ങളുടേതാക്കുമെന്ന വിശ്വാസത്തോടെയാണ് വാരിയേഴ്സിന്റെ രാജകീയ യാത്ര.