ഡ്രൈവർ നിയമന തർക്കം: പ്രതികളെ വെറുതെവിട്ടു

Sunday 05 October 2025 3:18 AM IST

ചവറ: കെ.എം.എം.എൽ കമ്പനിയിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഡ്രൈവറായി ജോലിക്ക് പ്രവേശിക്കുന്നതിന് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പന്മന സ്വദേശിയായ ഷിബുവിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കേസിൽ നാല് പ്രതികളെ കൊട്ടാരക്കര എസ്.സി./എസ്.ടി സ്പെഷ്യൽ കോടതി വെറുതെവിട്ടു. ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. പന്മന വടുതല വാഴോലിൽ കിഴക്കതിൽ വീട്ടിൽ സജീവ്, കളരി കൊല്ലശ്ശേരി തറയിൽ ഹാരിസ്, കോലം ഗോകുലത്തിൽ അജിത് കുമാർ, വടുതല മഠത്തിൽ വീട്ടിൽ രഞ്ജിത്ത് എന്നിവരാണ് കേസിൽ പ്രതികളായിരുന്നത്. കൊട്ടാരക്കര എസ്.സി./എസ്.ടി. സ്പെഷ്യൽ കോടതി ജഡ്ജ് ജയകൃഷ്ണനാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകനായ സി. സജീന്ദ്രകുമാർ കോടതിയിൽ ഹാജരായി.