കുതിർത്ത് കഴിക്കുമ്പോൾ ഇവയിലേതിനാണ് കൂടുതൽ ഗുണം? ബദാമോ വാൽനട്ടോ?
നല്ല ആരോഗ്യകരമായ ഡയറ്റിന് ഒഴിച്ചുകൂടാൻ കഴിയാത്തവയാണ് ഡ്രൈനട്സുകൾ. ഓട്സിനോടൊപ്പവും ഫ്രൂട്സാലഡ് രൂപത്തിലുമെല്ലാം ഡ്രൈനട്സുകൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇവ കുതിർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. ബദാം, വാൽനട്ട് എന്നിവ കുതിർത്ത് കഴിക്കുന്ന ഡ്രൈനട്സുകളിൽ മുന്നിൽ നിൽക്കുന്നു.
കുതിർത്ത് കഴിക്കുന്നത് എന്തിന്?
ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിലിട്ട് ബദാമും വാൽനട്ടും കുതിർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. ഇവ പച്ചയ്ക്ക് കഴിക്കുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു. കുതിർന്നിരിക്കുന്നതുകൊണ്ട് തന്നെ ദഹിക്കാൻ എളുപ്പമാണ്. അവയുടെ പോഷകങ്ങൾ വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു, കൂടാതെ അവ ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനത്തിനും ഗുണകരമാണ്. എന്നാൽ ഗുണത്തിന്റെ അടിസ്ഥാനത്തിൽ ഇവയിൽ ഏതെങ്കിലും ഒന്നുമാത്രം തിരഞ്ഞെടുക്കുക എന്നത് അൽപം ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. അതിന് ആദ്യം അവയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അരിഞ്ഞിരിക്കണം.
ബദാം:രക്തത്തിലെ പഞ്ചസാരയെ നിയന്ത്റിക്കുന്നു
കുതിർത്ത ബദാം ആയുർവേദത്തിൽ ഒരു "ബ്രെയിൻ ടോണിക്ക്" ആയാണ് കണക്കാക്കപ്പെടുന്നത്, ഇത് ഓർമ്മശക്തിയും ശ്രദ്ധയും വർദ്ധിപ്പിക്കുന്നു. വൈറ്റമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ തുടങ്ങിയവയാൽ സമൃദ്ധമാണ് ബദാം. ഇവ കുതിർത്തെടുക്കുമ്പോൾ അവയുടെ പുറത്തെ തൊലി അയവുള്ളതാവുകയും പോഷകങ്ങളുടെ ആഗിരണം തടയുന്ന ടാനിനുകൾ പുറത്തുപോവുകയും ചെയ്യുന്നു. ഇവയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ നാഡീവ്യവസ്ഥയെ ശാന്തമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു, അതിനാൽ സമ്മർദ്ദം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കുന്നതിന് ബദാം ഉത്തമമാണ്. ഒരു പിടി (ഏകദേശം 6-8 കുതിർത്ത ബദാം) ചർമ്മത്തിനും ഞരമ്പുകൾക്കും ഹൃദയത്തിനും സംരക്ഷണം നൽകുന്ന ആന്റിഓക്‌സിഡന്റുകൾ പ്രദാനം ചെയ്യുന്നു.രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും ബദാം വലിയ പങ്ക് വഹിക്കുന്നു.
വാൽനട്ടിന് തലച്ചോറിനോട് സാമ്യമുള്ള ആകൃതിയുള്ളത് വെറുതെയല്ല
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ (ആൽഫ-ലിനോലെനിക് ആസിഡ്) സമൃദ്ധമാണ് വാൽനട്ട്. ഹൃദയാരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. ചീത്ത കൊളസ്ട്രോൾ കുറച്ച് ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മറ്റ് നട്‌സുകളോട് താരതമ്യപ്പെടുത്തുമ്പോൾ വെറും 2 കുതിർത്ത വാൽനട്ടിലൂടെ തന്നെ ആന്റിഓക്‌സിഡന്റ് പ്രവർത്തനം ഇരട്ടിയാക്കാൻ കഴിയുന്നു. തലച്ചോറിന് സമാനമായ ആകൃതിയുള്ള ഇവ തലച്ചോറിന്റെ പ്രവർത്തനത്തെയും നന്നായി പിന്തുണക്കുന്നു. രാത്രി മുഴുവൻ വാൽനട്ട് കുതിർത്തു വയ്ക്കുന്നതിലൂടെ അവയുടെ കയ്പ്പ് കുറയുകയും അവയുടെ പോളിഫെനോളുകൾ കൂടുതൽ ജൈവ ലഭ്യത കൈവരിക്കുകയും ചെയ്യുന്നു.
ഏതാണ് കൂടുതൽ നല്ലത്?
കുതിർത്തു കഴിക്കുന്നതിന് ബദാം, വാൽനട്ട് എന്നിവ തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ആരോഗ്യ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ കാര്യത്തിൽ വാൽനട്ട് ആണ് ഒന്നാമത്. ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ, ദഹനം, ഭാര നിയന്ത്രണം, ഊർജ്ജം എന്നിവയ്ക്ക് ബദാമാണ് കൂടുതൽ നല്ലത്. ദിവസേന 4 കുതിർത്ത ബദാമും 1 കുതിർത്ത വാൽനട്ടും സംയോജിപ്പിച്ച് കഴിക്കുന്നത് ദീർഘകാല ആരോഗ്യത്തിന് ഗുണം ചെയ്യും.