ലൈഫ് പദ്ധതിയിൽ അഞ്ചേകാൽ ലക്ഷം വീടുകൾ പൂർത്തീകരിക്കും :മന്ത്രി രാജേഷ്
Sunday 05 October 2025 1:00 AM IST
കോട്ടയം : ലൈഫ് പദ്ധതിയിൽ അഞ്ചേകാൽലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാലുലക്ഷത്തി അറുപത്തിയേഴായിരം വീടുകൾ ഇതിനോടകം പൂർത്തിയാക്കി. 18885.58 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 17000 കോടിയും കേരളം സ്വന്തമായി കണ്ടെത്തിയതാണ്. ചേരിയിൽ കഴിഞ്ഞിരുന്ന 394 കുടുംബങ്ങളെയാണ് ഫോർട്ട് കൊച്ചിയിൽ പണിത 13 നില ഫ്ലാറ്റിൽ പുനരധിവസിപ്പിച്ചത്. 13 വാർഡുകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ പ്രതിനിധികളായ 13 പേർക്ക് മന്ത്രി താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.