റവന്യൂ ജില്ലാ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പ്
തൃക്കരിപ്പൂർ: കാസർകോട് റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ് കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സെന്റ് പോൾസ് എ യു പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിലെ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട് ഉപജില്ലയെ പരാജയപ്പെടുത്തി ബേക്കൽ ഉപജില്ലാ ടീം ജേതാക്കളായി. ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.മനു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്റ് പോൾസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ഷീന ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സ്‌കൂൾ സ്‌പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി പി.മോഹനൻ, ജില്ല സ്‌കൂൾ സ്‌പോർട്സ് ആന്റ് ഗെയിംസ് കോഓർഡിനേറ്റർ ടി.ആർ.പ്രീതിമോൾ, കെ.ശ്രീജ, പി.പ്രസീന, എ.ജി.സി.അംലാദ്, ടോം പ്രസാദ് എന്നിവർ സംസാരിച്ചു. റവന്യൂ ജില്ലക്ക് കീഴിലെ ഏഴ് ഉപജില്ലകളിൽ നിന്നായി സബ് ജൂണിയർ, ജൂണിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 42 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.