ഏലപ്പീടിക - മലയാംപടി റോഡ് ഗതാഗതയോഗ്യമാക്കി
Saturday 04 October 2025 8:26 PM IST
കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം അക്ഷര സേനയുടെ ആഭിമുഖ്യത്തിൽ ഏലപ്പീടിക മലയാംപടി റോഡ് കോൺക്രീറ്റ്ചെയ്ത് ഗതാഗതയോഗ്യമാക്കി. കേളകം, മലയാംപടി വഴി ഏലപ്പിടിക ഹരിത ടൂറിസം കേന്ദ്രത്തിലേക്കും ഇരുപത്തി ഒൻപതാം മൈൽ വഴി പേര്യ ,മാനന്തവാടിയിലേക്കും പോകാവുന്ന റോഡാണിത്.കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലും നിടുംപൊയിൽ പേര്യ ചുരത്തിലും തടസ്സമുണ്ടാകുമ്പോൾ ഉപയോഗിക്കപ്പെടുന്ന ഈ ബൈപാസ് റോഡ് മലയാംപടി വലിയകുന്നിന് മുകൾ ഭാഗത്ത് പൊളിഞ്ഞ നിലയിലായിരുന്നു. ഇതെ തുടർന്നാണ് വായനശാല അക്ഷര സേനാംഗങ്ങളുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. വാർഡ് മെമ്പർ ജിമ്മി അബ്രാഹം, വായനശാല പ്രസിഡന്റ് ഒ.എ.ജോബ്, പി.കെ. സജി, ലിജോ മൈലാടൂർ, ബിനു കടത്തനാടൻ, ജെയിംസ് ഇലഞ്ഞിക്കൽ, ദേവൻ, ജോസ് കോക്കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.