കായിക്കരക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കണം

Sunday 05 October 2025 1:29 AM IST

കടയ്ക്കാവൂർ: ജനങ്ങളുടെ നീണ്ടനാളത്തെ അഭിലാഷമായ കായിക്കരക്കടവ് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായിക്കരയെയും വക്കത്തെയും ബന്ധിപ്പിച്ച് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിക്കുന്ന കായിക്കരക്കടവ് പാലം നിർമ്മാണം പ്രാരംഭഘട്ടത്തിൽത്തന്നെ നിൽക്കുകയാണ്. മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻ എം.എൽ.എ ബി.സത്യൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമഫലമായി 25 കോടി രൂപ പാലത്തിനായി കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. നിർമ്മാണത്തിന് മുന്നോടിയായി സോയിൽ ഇൻവെസ്റ്റിഗേഷൻ,ഡിസൈൻ പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയവ ഏഴര ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കി. അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലും രണ്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ വസ്തു ഉടമകളുമായി സംസാരിച്ച് ധാരണയിലുമെത്തി.എന്നാൽ ഭൂമിയേറ്റെടുക്കൽ നടപടികളും പണം നൽകലും കഴിഞ്ഞെങ്കിലും തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. രണ്ട് പഞ്ചായത്തിലെയും എം.എൽ.എമാരെ ഉൾക്കൊള്ളിച്ച് നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു.

ഗതാഗതക്കുരുക്കിൽ

നിന്ന് രക്ഷനേടാം

ചെറുന്നിയൂർ,മണമ്പൂർ,വക്കം പഞ്ചായത്തുകളിലുള്ളവർക്ക് പാലം പൂർത്തിയായാൽ കിലോമീറ്ററുകളോളം ദൂരം ലാഭിക്കാം. പാലത്തിലൂടെ കായിക്കര എത്തിയാൽ അഞ്ചുതെങ്ങ്, പെരുമാതുറ വഴി തിരുവനന്തപുരം എയർപോർട്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ്,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാം. പാലം വരുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ നിന്നും രക്ഷനേടാം.