ഇവരാണ് സാക്ഷാൽ 'അമ്പലം വിഴുങ്ങികൾ'

Sunday 05 October 2025 1:44 AM IST

'അമ്പലംവിഴുങ്ങി" എന്നത് ഒരു ശൈലീപ്രയോഗമാണ്. ഏതു രംഗത്തായാലും കള്ളത്തരത്തിന്റെയും തട്ടിപ്പിന്റെയും കാര്യത്തിൽ,​ 'കാണിക്കവഞ്ചിയും പ്രതിഷ്ഠാമൂർത്തിയെയും മാത്രമല്ല,​ അമ്പലം അപ്പാടെ വായിലാക്കുന്നവൻ" എന്ന് അർത്ഥം! ഇത്തരം അമ്പലം വിഴുങ്ങികൾ നമ്മുടെ സർവ പൊതുസ്ഥാപനങ്ങളിലും കോർപറേഷനുകളിലുമൊക്കെയുണ്ട്. പക്ഷേ,​ ലോകമെങ്ങുമുള്ള ഭക്തർ ആത്മാവുകൊണ്ട് വണങ്ങുന്ന അയ്യപ്പസ്വാമിയുടെ സന്നിധാനത്ത്,​ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകശില്പത്തിന്റെ സ്വ‍ർണപ്പാളിയും,​ പ്രതിഷ്ഠാപീഠവും,​ താഴികക്കുടവും,​ കൊടിമരത്തിനു മുകളിലെ വാജീവാഹന ശില്പവും വരെ വിഴുങ്ങിക്കളയുന്ന രാക്ഷസമൂർത്തികളാണ് അധികാരപ്പുരകളിലെ ദേവസ്വം ഉദ്യോഗസ്ഥരും,​ അയ്യപ്പ സന്നിധിയിൽത്തന്നെ സദാ 'വിരിവച്ചു കിടക്കുന്ന" ഇടനിലക്കാരും സ്പോൺസർമാരുമൊക്കെ ചേർന്ന തസ്കരസംഘമെന്നു വെളിപ്പെട്ടതോടെ,​ 'അമ്പലംവിഴുങ്ങികൾ" എന്ന ശൈലി സാർത്ഥകമായിരിക്കുകയാണ്!

1998 മുതൽ കാൽ നൂറ്റാണ്ടോളമായി ശബരിമല സന്നിധാനത്ത്,​ അവിടെ കയറിക്കൂടിയ ഉദ്യോഗസ്ഥ തിരുട്ടുസംഘം നടത്തുന്ന കൊടുംതട്ടിപ്പുകളെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ,​ വെറും ചെമ്പായിരുന്നെന്നും; അതല്ല,​ കൊണ്ടുപോയത് സ്വർണത്തിന്റെ പൊതിച്ചിലുകൾ തന്നെയായിരുന്നെന്ന് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരസ്പരവിരുദ്ധമായ വർത്തമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ശബരിമലയിലെ പല പരിപാടികളുടെയും സ്പോൺസർ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്രി എന്ന ഇടനിലക്കാരനിൽ കേന്ദരീകരിച്ചിരുന്ന തട്ടിപ്പുകഥകൾ,​ ഇപ്പോൾ വന്നെത്തി നില്ക്കുന്നത് ദേവസ്വം ബോർഡ് മുൻ ഭരണ സമിതിയുടെയും,​ ശബരിമലയിലെ ഉദ്യോഗസ്ഥ വേതാളങ്ങളുടെയും തലയ്ക്കു മീതെയാണ്.

ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ അവിടെയെത്തുന്നതിനു മുമ്പ് കോട്ടയം ഇളമ്പള്ളിയിലെ ശാസ്താ ക്ഷേത്രത്തിലും,​ ബംഗളൂരുവിലെ ക്ഷേത്രത്തിലും,​ സ്വർണം പൂശലിന് ചുമതലപ്പെടുത്തിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയുടെ അമ്പത്തൂരിലെ ഫാക്ടറിയിലും,​ കമ്പനി സി.ഇ.ഒയുടെ വീട്ടിലുമൊക്കെ പ്രദർശനത്തിനുവച്ച്,​ ഉണ്ണിക്കൃഷ്ണൻ പോറ്റിയും സംഘവും പിരിവു നടത്തിയെന്ന നാണക്കേടിന്റെ കഥയാണ് മുൻദിവസങ്ങളിൽ പുറത്തുവന്നത്. നേരത്തേ ഇതുപോലെ അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് അഴിച്ചെടുത്ത താഴികക്കുടത്തിനും,​ വാജീവാഹനശില്പത്തിനുമൊക്കെ പകരം സ്ഥാപിക്കപ്പെട്ടത് വ്യാജ നിർമ്മിതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ക്ഷേത്രത്തിലെ കാൽ നൂറ്റാണ്ടിലധികം കാലത്തെ രജിസ്റ്ററും,​ അമൂല്യവസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ തയ്യാറാക്കുന്ന മഹസർ റിപ്പോർട്ടുകളും പരിശോധിച്ച ദേവസ്വം വിജിലൻസ് ആണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

ഇത്രയൊക്കെയായിട്ടും,​ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നിലവിൽ നടക്കുന്ന അന്വേഷണമല്ലാതെ തത്കാലം മറ്റൊരു അന്വേഷണം വേണ്ടെന്ന ദേവസ്വം നിലപാടാണ് അദ്ഭുതകരം. കോടതിയുടെ അന്വേഷണത്തോട് സഹകരിക്കുമത്രേ- മഹാഭാഗ്യം! എന്തായാലും,​ ശബരിമലയുമായി ബന്ധപ്പെട്ട ഏതു കാര്യവും മലയാളികളുടെ മാത്രമല്ല,​ ലോകമെമ്പാടുമുള്ള മുഴുവൻ അയ്യപ്പഭക്തരുടെയും സ്വന്തം കാര്യമാണ്. വിജിലൻസ് കണ്ടെത്തിയ വസ്തുതകൾ പരിശോധിച്ച്,​ ഓരോന്നിലും ആരെല്ലാമാണോ ഉത്തരവാദികൾ,​ എത്ര വലിയ സ്വാധീനമുള്ളവരായാലും അവരെ നിയമത്തിനും പൊതുസമൂഹത്തിനും മുന്നിലെത്തിക്കുവാൻ കോടതിയുടെ മേൽനോട്ടത്തിൽ നീതിയുക്തമായി നടക്കുന്ന അന്വേഷണത്തിനേ കഴിയൂ. മലചവിട്ടാൻ മാലയിട്ടു കഴിഞ്ഞവർ കള്ളം പറഞ്ഞാൽ,​ സന്നിധാനത്തേക്കുള്ള കാനനപാതയിൽ അവരെ പുലി പിടിക്കും എന്നൊരു വിശ്വാസമുണ്ട്! ദേവന്റെ തന്നെ മുതൽ കക്കുന്ന കൂട്ടരെ പിടിക്കാൻ പുലിപ്പുറമേറി ഇനി അയ്യപ്പസ്വാമി തന്നെ അവതരിക്കുമോ എന്തോ!