മോഷണശ്രമം ആരോപിച്ച് വിദേശ പൗരന് മർദ്ദനം

Sunday 05 October 2025 4:20 AM IST

വർക്കല: മോഷണശ്രമം ആരോപിച്ച് വർക്കലയിൽ വിദേശ പൗരന് മർദ്ദനം. ഇസ്രായേൽ സ്വദേശി സയറ്റ്സ് സാഗി (46)നാണ് മർദ്ദനമേറ്റത്.ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. പാപനാശം ബീച്ചിലെ അഡ്വഞ്ചർ സ്പോർട്സിന്റെ ടെന്റ് ഓഫീസിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന സംശയത്താൽ,സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് സ്വദേശി നന്ദകുമാർ ഇയാളുമായി വഴക്കിട്ടു. തുടർന്നാണ് മർദ്ദിച്ചത്. നാട്ടുകാരും മറ്റു സഞ്ചാരികളും ഇടപെട്ട് പിടിച്ചുമാറ്റി.തുടർന്ന് വിദേശിയെ ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. മുഖത്ത് പരിക്കേറ്റ സയറ്റ്സിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്തു.കഴിഞ്ഞമാസം 14ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ സയറ്റ്സ് സാഗി രണ്ട് ദിവസം മുൻപാണ് വർക്കലയിൽ എത്തിയത്.