നൂലും കൂലിയും നൽകാതെ കോർപറേഷൻ ; ദുരിതം നെയ്ത് കൂട്ടി തൊഴിലാളികൾ

Saturday 04 October 2025 9:13 PM IST

കണ്ണൂർ: പരമ്പരാഗത നെയ്ത്തു തൊഴിലാളികൾക്ക് നൂലും കൂലിയും നൽകാതെ കൈത്തറി വികസന കോർപ്പറേഷൻ പ്രതിസന്ധിയിൽ. മൂന്ന് മാസമായി ജീവനക്കാരുടെ ശമ്പളം പോലം മുടങ്ങിയിരിക്കുകയാണ് .അവസാനമായി ശമ്പളം ലഭിച്ചത് ജൂൺ മാസത്തിലാണ്. ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെന്ന് പറയുമ്പോൾ ദുരവസ്ഥ പൂർണമായി ബോദ്ധ്യപ്പെടും.

ആഭ്യന്തര ഉത്പാദനമില്ലാത്തതിനാൽ പല ഷോറൂമുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. നിലവിൽ അന്യസംസ്ഥാനത്തുനിന്ന് ഗുണമേന്മയില്ലാത്ത തുണിത്തരങ്ങളെത്തിച്ച് വിൽപ്പന നടത്തുകയാണ്.ഇത് സ്ഥിരം ഉപഭോക്താക്കൾക്ക് സ്ഥാപനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും വിൽപ്പനയെ സാരമായി ബാധിക്കുന്നതും ഇടയാക്കുയാണ്.

വരുന്നു ഇടനിലക്കാർ;കൈക്കൂലി ആരോപണവും

പുറത്തുനിന്നും തുണി എടുത്തു വിൽപ്പന നടത്തുന്നതിലൂടെയും പാക്കിംഗ് മെറ്റീരിയൽ ഉൾപ്പെടെ ഉത്പാദകരെ ഒഴിവാക്കി ഇടനിലക്കാരെ വച്ച് വാങ്ങുകയും ചെയ്തതിലൂടെ സ്ഥാപനത്തിൽ അഴിമതി നടന്നതായി ജീവനക്കാർ ആരോപിക്കുന്നു. ഓണക്കാലത്ത് ശമ്പളം ലഭിക്കാഞ്ഞിട്ടും സമരം ചെയ്യാൻ യൂണിയനുകൾ തയ്യാറായില്ല. ജീവനക്കാരുടെ ശമ്പളം, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ മുടങ്ങുമ്പോഴും കരാറുകാരുടെ തുകകൾ കൃത്യമായി നൽകുന്നതിന് മാനേജിംഗ് ഡയറക്ടർ നേരിട്ട് നിർദേശം നൽകുകയാണെന്നും ജീവനക്കാർ ആരോപിക്കുകയാണ്.