ഉച്ചഭക്ഷണ മെനു പരിഷ്കരിക്കാം, ഫണ്ടെവിടെ സാറെ,
കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിഷ്‌ക്കരിച്ച ഉച്ചഭക്ഷണമെനു ജില്ലയിൽ നടപ്പിലായില്ല.സെപ്തംബർ ഒന്നുമുതൽ പരിഷ്‌ക്കരിച്ച മെനു സ്‌കൂളുകളിൽ നടപ്പിലാക്കണമെന്നാണ് സർക്കാർ ഉത്തരവ്.എന്നാൽ ഫണ്ട് കണ്ടെത്താ കഴിയാതെ പരിഷ്കരണം എങ്ങനെ സാധിക്കുമെന്ന പ്രതിസന്ധിയിലാണ് പ്രധാനാദ്ധ്യാപകർ.
നിലവിൽ എൽ.പി സ്‌കൂളിൽ ഒരു കുട്ടിക്ക് 6.78 രൂപയും യു.പി ക്ലാസിൽ 10.17 രൂപയുമാണ് സർക്കാർ നൽകുന്നത്. ഇത് യഥാക്രമം പന്ത്രണ്ടും പതിനാലുമായി വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം.പുതിയ മെനുവിലെ വിഭവങ്ങൾ ഒരുക്കാൻ നിലവിലെ തുക തീർത്തും അപര്യാപ്തമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി എന്നിവയക്ക് വേണ്ടി ചിലവിട്ട തുക തന്നെ കഴിഞ്ഞ വർഷങ്ങളിൽ മാസങ്ങളോളം കുടിശികയായിരുന്നു. തങ്ങളുടെ ശമ്പളത്തിൽ നിന്നുമെടുത്താണ് പല അദ്ധ്യാപകരും ഉച്ചഭക്ഷണ ഫണ്ടിലേക്ക് തുക നൽകിയത്.
നിലവിൽ പുതിയ മെനു നടപ്പിലാക്കുന്നതോടെ അദ്ധ്യാപകർക്ക് വീണ്ടും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ ചില സ്‌കൂളുകളിൽ വെജിറ്റബിൾ ബിരിയാണി, പായസം എന്നിവ നൽകിയെങ്കിലും വീണ്ടും പഴയ ഭക്ഷണമെനുവിലേക്ക് തിരിച്ച് പോയി. ഉച്ചഭക്ഷണത്തിനുള്ള തുക മുടങ്ങാതെ സ്‌കൂളുകൾക്ക് നൽകുമെന്നും സ്‌കൂൾ സഹായസമിതി ഊർജിതമാക്കുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പും നടപ്പിലായിട്ടില്ല.
പരിഷ്കരിച്ച മെനു പ്രകാരം( നിലയിൽ നൽകുന്ന ഭക്ഷണത്തിന് പുറമെ)
എഗ്ഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, റാഗി ബാൾ, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, കാരറ്റ് പായസം, പുതിനയും ഇഞ്ചിയും നെല്ലിക്കയും പച്ചമാങ്ങയും ചേർത്ത ചമ്മന്തി, മുരിങ്ങയില തോരൻ.
മുഖം തിരിച്ച് പാചകത്തൊഴിലാളികൾ
ഉച്ചഭക്ഷണമെനു നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് സ്‌കൂൾ പാചകത്തൊഴിലാളികളുടെ നിലപാട്. നിലവിൽ 500 വിദ്യാർത്ഥികൾക്ക് ഒരു പാചകതൊഴിലാളിയാണ് സ്കൂളുകളിലുള്ളത്. ജോലിഭാരം കാരണം തങ്ങളുടെ വേതനത്തിന്റ പകുതി നൽകി മറ്റൊരാളെ കൂടി ജോലിക്ക് നിയോഗിച്ചാണ് പലരും ജോലി പൂർത്തിയാക്കുന്നത്.മെനു പരിഷ്‌കരിക്കുമ്പോൾ ജോലി ഇരട്ടിയാകുമെന്നാണ് ഇവരുടെ പരാതി.250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതമെന്ന ഇവരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല .
ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്
എൽ.പി സ്‌കൂളിൽ ഒരു കുട്ടിക്ക് ₹6.78
യു.പി ₹10.17 രൂപ