'നിയമസഭ തിരഞ്ഞെടുപ്പിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണം'; തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി
പാട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ ഘട്ടങ്ങളിലായി നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ബിജെപി. ബുർഖ ധരിച്ച സ്ത്രീകളുടെ വോട്ടർ ഐഡി ഫോട്ടോകൾ പോളിംഗ് ബൂത്തുകളിൽ കൃത്യമായി പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
"ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാലതാമസം വരുത്തേണ്ടതില്ല. കൂടാതെ, യഥാർത്ഥ വോട്ടർമാർ മാത്രം വോട്ടവകാശം വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ ബുർഖ ധരിച്ച സ്ത്രീകളുടെ മുഖം അതത് ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡി കാർഡുകൾ (ഇപിഐസി) ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പാക്കണം'- ബീഹാർ ബിജെപി പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
'തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിക്കും വോട്ടെടുപ്പ് ആരംഭിക്കുന്ന ദിവസത്തിനും ഇടയിലുള്ള 28 ദിവസത്തെ നിർബന്ധിത ഇടവേളയേക്കാൾ കൂടുതൽ കാലതാമസം പോളിംഗ് തീയതികളിൽ ഉണ്ടാകരുത്. അതിനാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ, നവംബർ മൂന്ന്-നാല് തീയതികളിൽ പോളിംഗ് ആരംഭിക്കാൻ സാധിക്കും'- ദിലീപ് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
അതേസമയം, ബുർഖ ധരിച്ച സ്ത്രീകളുടെ വോട്ടർ ഐഡി ഫോട്ടോകൾ പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ ആർജെഡി ശക്തമായി വിമർശിച്ചു. 'ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ്. അടുത്തിടെയാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐആർ) നടപ്പിലാക്കിയത്. എല്ലാ വോട്ടർമാർക്കും പുതിയ ഫോട്ടോകളുള്ള പുതിയ ഇപിഐസി കാർഡുകൾ വിതരണം ചെയ്യും. വോട്ടർമാരെ തിരിച്ചറിയുന്നത് വലിയ കാര്യമല്ല. എന്നാൽ ബിജെപി സ്വന്തം അജണ്ട മുന്നോട്ട് നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു'- ആർജെഡി നേതാവ് അഭയ് കുശ്വാഹ വിമർശിച്ചു.