മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു, ഡ്രൈവറെ നാട്ടുകാർ പിടികൂടി
പത്തനാപുരം: കുന്നിക്കോട്-കോട്ടവട്ടം-കോക്കാട് റോഡിൽ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഡ്രൈവിംഗ് സ്കൂളിന്റെ കാർ ഓടിച്ചയാളെ നാട്ടുകാർ പിടികൂടി പുനലൂർ പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കോക്കാട് സിൻസിയർ മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ കാർ ഓടിച്ചിരുന്ന തലച്ചിറ സ്വദേശിയായ ഹാഷിം എന്നയാളെയാണ് നാട്ടുകാർ പിടികൂടിയത്. ഹാഷിം മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കുന്നിക്കോട് നിന്ന് കോട്ടവട്ടത്തേക്ക് വരുന്നതിനിടെ മേലില ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയെയും വട്ടപ്പാറ പള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന ബൈക്കിനെയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ നിറുത്താതെ പോയത്. അപകടവിവരം അറിഞ്ഞ നാട്ടുകാർ കാറിനെ പിന്തുടർന്ന് വെഞ്ചേമ്പിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പുനലൂർ പൊലീസിന് കൈമാറി. ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങൾ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.