കോർപറേഷൻ സ്റ്റേഡിയം: യോഗം വിളിക്കാൻ മേയർ,അപഹാസ്യമെന്ന് പ്രതിപക്ഷം, കളക്കളത്തിൽ പോര്

Sunday 05 October 2025 12:00 AM IST

തൃശൂർ: കോർപ്പറേഷൻ സ്റ്റേഡിയം സ്വകാര്യ ക്ലബ്ബിന് കൈമാറാനുള്ള തീരുമാനത്തിൽ ആശങ്കയില്ലെന്നും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിശദമായ യോഗം വിളിക്കാമെന്നും മേയർ എം. കെ വർഗീസ്. ആശങ്കയില്ലെന്ന മേയറുടെ അഭിപ്രായം അപഹാസ്യമെന്ന് കൗൺസിലിൽ കോൺഗ്രസ് അറിയിച്ചു. സ്റ്റേഡിയം നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കരാർ ഒപ്പിടുന്നതിന് കോർപ്പറേഷന്റെ അപേക്ഷ ഖേലോ ഇന്ത്യയുടെ പരിഗണനയിലുള്ളപ്പോൾ എങ്ങനെയാണ് മറ്റൊരു ഏജൻസിയുമായി കരാറിൽ ഏർപ്പെടാൻ കഴിയുന്നതെന്ന് മേയർ വ്യക്തമാക്കമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗൺസിൽ പാസാക്കാതെ സ്റ്റേഡിയം കൈമാറിയ നടപടിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്‌പോർട്‌സ് താരങ്ങളുടെയും യോഗം വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടർന്നാണ് യോഗം വിളിക്കാമെന്ന് മേയർ അറിയിച്ചത്. മറ്റൊരു വലിയ സാമ്പത്തിക അഴിമതിക്ക് വഴിവയ്ക്കുന്നതാണ് പാലസ് ഗ്രൗണ്ട് വിഷയമെന്നും ഈ നടപടികളിൽ നിന്ന് പിന്മാറണമെന്നും ഇതിൽ പാർട്ടിക്ക് എതിർപ്പുണ്ടെന്നും ബി.ജെ പി കൗൺസിലർ എൻ.പ്രസാദ് പറഞ്ഞു. കോർപ്പറേഷൻ സ്റ്റേഡിയം സൂപ്പർ ലീഗിന് വിട്ടുകൊടുക്കുമ്പോൾ നഗരത്തിൽ നിന്നുള്ളവർക്ക് ആശങ്കകൾ നിലനിൽക്കുന്നുവെന്നും ഇത് പരിഹരിച്ച് മുന്നോട്ടുപോകണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. യോഗത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി,സാറാമ്മ റോബ്‌സൺ,ജയപ്രകാശ് പൂവത്തിങ്കൽ, അനീസ് അഹമ്മദ്, സുബി സുകുമാരൻ, ലീലാമ്മ വർഗീസ്, പൂർണിമ സുരേഷ്, ഐ സതീഷ് തുടങ്ങിയവർ സംസാരിച്ചു.

പിരിച്ചുവിട്ടതിനെതിരെ യോഗം

കൗൺസിൽ തീരുമാനപ്രകാരം നിയമിച്ച 65 താത്കാലിക ജീവനക്കാരെ കാലാവധി കഴിഞ്ഞെന്ന സെക്രട്ടറിയുടെ കുറുപ്പിന്റെ അടിസ്ഥാനത്തിൽ എച്ച്.എസ് പിരിച്ചുവിട്ടത് ശരിയല്ലെന്നും നടപടി വേണമെന്നും മേയർ പറഞ്ഞു. ഇക്കാര്യത്തിൽ എച്ച്.എസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സെക്രട്ടറിയുടെ പിടിപ്പുകേടാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാൻ യോഗം മേയറെ ചുമതലപ്പെടുത്തി. കൗൺസിലിന്റെ കാലാവധി അവസാനിക്കാനിരിക്കുമ്പോൾ സി.അച്യുതമേനോന്റെ പ്രതിമ സ്ഥാപിക്കണമെന്ന അജൻഡ വെച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പറഞ്ഞു. അജൻഡയിൽ പ്രതിമ എവിടെ സ്ഥാപിക്കണമെന്ന് പോലും ഇല്ലെന്ന് പ്രതിമ സ്ഥാപിക്കാൻ തങ്ങൾ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.