മണൽവാരൽ, പുല്ലൂറ്റ് പാലത്തിന് അപകടഭീഷണി
കൊടുങ്ങല്ലൂർ : പുഴയിൽ മണൽഡ്രഡ്ജ് ചെയ്യുന്നത് പുല്ലൂറ്റ് പാലത്തിന് ഭീഷണി. ദേശീയപാത നിർമ്മാണത്തിന് ആവശ്യമായ മണ്ണെടുക്കാനായാണ് കരാറുകാരനായ ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനി യന്ത്രമുപയോഗിച്ച് പുല്ലൂറ്റ് പാലത്തിന്റെ 50 മീറ്റർ പരിധിക്കുള്ളിൽ നിന്നും മണലെടുക്കുന്നത്. മണലെടുക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി.
ദേശീയപാത വികസനത്തിന് ആവശ്യമായ ചെമ്മണ്ണ് ക്ഷാമം പരിഹരിക്കാനാണ് പുഴകളിൽ നിന്നും മണലെടുക്കുന്നത്. സംസ്ഥാന ജല വിഭവ വകുപ്പ്, കരാറുകാരന് ഇതിനായി അനുമതിയും നൽകി. അഡീഷണൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയാണ് കരാറുകാരൻ ഇതിനായി നേടിയത്. എന്നാൽ ഇത് മുതലെടുത്താണ് കരാറുകാരൻ തോന്നുന്ന ഇടങ്ങളിൽ നിന്നും മണലെടുക്കുന്നത്. നേരത്തെ പാലത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നായിരുന്നു ഡ്രഡ്ജിംഗ് നടത്തിയത്.
ഒരാഴ്ചയായി പാലത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് യന്ത്രമുപയോഗിച്ച് ആയിരക്കണക്കിന് ക്യൂബിക് മീറ്റർ മണലെടുക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ കിലോമീറ്റർ നീളമുള്ള ഉയർന്ന റോഡുകളുടെ ഉൾഭാഗം ഫില്ലു ചെയ്യാനായാണ് സമീപപ്രദേശങ്ങളിലെ പുഴകളിൽ നിന്നും മണൽ ഡ്രഡ്ജ് ചെയ്യുന്നത്. മണ്ണ് ലഭിക്കാനുള്ള ക്ഷാമം, ഉയർന്ന ചെലവ് എന്നിവ മൂലം ദേശീയപാത നിർമ്മാണം വൈകി. ഇത് കണക്കിലെടുത്താണ് പുഴകളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി നൽകിയത്.
പാലത്തിന്റെ തൊട്ടടുത്ത് മീറ്ററുകൾ മാത്രം മാറിയുള്ള, ഡ്രഡ്ജ് ബന്ധപ്പെട്ട പൊതുമരാമത്ത് ജലസേചന ജിയോളജി വകുപ്പുകൾ കാര്യമായി എടുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സംസ്ഥാനപാത കടന്നുപോകുന്നതിനാൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് നിത്യവും പുല്ലൂറ്റ് പാലത്തിലൂടെ കടന്നുപോകുന്നത്.
1961ൽ നിർമ്മിച്ച പാലത്തിൽ പത്ത് വർഷം മുമ്പ് മുതൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഇത് പുല്ലൂറ്റ് പാലത്തെ പെട്ടെന്നുള്ള തകർച്ചയിലേക്ക് വഴിവയ്ക്കും.
ഇസാബിൻ അബ്ദുൾ കരീം പരിസ്ഥിതി പ്രവർത്തകൻ.