പദ്ധതികൾ നടപ്പാക്കിലാക്കാതെ കോർപറേഷനും പഞ്ചായത്തുകളും, എം.പി ഫണ്ടിനോട് മുഖം തിരിച്ച്
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ട് വഴിയുള്ള കോടികളുടെ വികസനപദ്ധതികൾ തൃശൂർ കോർപറേഷനും മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും നടപ്പാക്കിയില്ല. തൃശൂർ കോർപറേഷനിൽ 12.03 കോടിയുടെ പദ്ധതികളാണ് സമർപ്പിച്ചിരിക്കുന്നതെങ്കിലും രാഷ്ട്രീയ വിരോധത്താൽ ഒന്ന് പോലും നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ 45 പഞ്ചായത്തിലായി വിവിധ പദ്ധതികൾക്ക് കോടികൾ അനുവദിച്ചെങ്കിലും പല പഞ്ചായത്തുകളും എസ്റ്റിമേറ്റ് പോലും നൽകിയില്ല. അതേസമയം ബി.ജെ.പി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രം ആറ് പദ്ധതികൾക്കായി 2.96 കോടിയാണ് ചെലവാക്കിയത്. ഇതിൽ റോഡുകൾ ഇന്റർലോക്ക് ചെയ്യാനുള്ള പണിയാണ് പൂർത്തീകരിച്ചത്. ഇതുകൂടാതെ മറ്റത്തൂർ, വാടാനപ്പിള്ളി, മുല്ലശേരി, പാവറട്ടി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളും ഗുരുവായൂർ നഗരസഭയും മാത്രമാണ് പദ്ധതികൾക്കായി എസ്റ്റിമേറ്റ് നൽകി അനുമതി നേടിയെടുത്തത്. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ഉന്നതിയിലേക്ക് കുടിവെള്ള പദ്ധതിക്കായി 18 ലക്ഷം രൂപ വകയിരുത്തി. പക്ഷേ ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല.
അനങ്ങാതെ കോർപറേഷൻ
ജനറൽ ആശുപത്രിയിലെ മോഡേൺ ലബോറട്ടറിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ തൃശൂർ കോർപറേഷന് 33 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പക്ഷേ കോർപറേഷൻ അനങ്ങിയില്ല. അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വികസനം, പൂങ്കുന്നത്ത് പള്ളിയിൽ ലൈനിൽ ഫുട്പാത്ത് നിർമിക്കൽ, നന്ദനം ഓഡിറ്റോറിയത്തിന് സമീപം റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, പൂങ്കുന്നം ഹരിത നഗർ, ആശ്രാമം ലൈൻ തുടങ്ങിയ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി വിവിധ പദ്ധതികൾക്കാണ് തുക നൽകിയത്.
ഫണ്ട് 71 ഇനങ്ങൾക്ക്
റോഡിൽ ടൈൽസ് വിരിക്കൽ, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, സ്‌കൂൾ നവീകരിക്കൽ, റോഡ് പുതുക്കി പണിയൽ, ആശുപത്രി കെട്ടിടങ്ങൾ പണിയൽ, പൊതുശൗചാലയം നിർമ്മിക്കൽ, അങ്കണവാടി നിർമ്മിക്കൽ, അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, റോഡ് കോൺക്രീറ്റിംഗ് തുടങ്ങി പ്രാദേശിക വികസനങ്ങൾക്കടക്കം 71 ഇനങ്ങൾക്കാണ് എം.പി ഫണ്ട് അനുവദിക്കുക. കളക്ടറേറ്റ് വഴിയാണ് തുടർനടപടികൾ.
സുരേഷ് ഗോപി ശക്തൻ മാർക്കറ്റിന്റെ നവീകരണത്തിന് നൽകിയ തുക മുഴുവൻ ചെലവാക്കി. കോർപ്പറേഷനിൽ എന്തെങ്കിലും നടപ്പാക്കണമെങ്കിൽ നേരിട്ടെത്തി ചർച്ച ചെയ്താണ് തീരുമാനമെടുക്കുക. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇങ്ങനെ തുക അനുവദിച്ചത് സംബന്ധിച്ച് അറിവില്ല.
എം.കെ.വർഗീസ്,
മേയർ, തൃശൂർ.
തൃശൂർ മണ്ഡലത്തിന്റെ വികസനത്തിനായി എം.പി ഫണ്ടിൽ നിന്നും തുക നൽകുന്നുണ്ട്. അത് ഉപയോഗപ്പെടുത്താത്തതാണ് പ്രശ്‌നം.
സുരേഷ് ഗോപി കേന്ദ്രമന്ത്രി.