അടുത്ത പുഞ്ചകൃഷിയിലേക്ക് ഇറങ്ങാൻ കുട്ടനാട്

Saturday 04 October 2025 10:28 PM IST

കുട്ടനാട് : കുട്ടനാടൻ പാടങ്ങൾ അടുത്ത പുഞ്ചകൃഷിയിലേക്കിറങ്ങാൻ തയ്യാറെടുക്കുന്നു. രണ്ടാംകൃഷിയിറക്കാതിരുന്ന പാടങ്ങളിലാണ് ഒരുക്കങ്ങൾ തുടങ്ങിയത്. രാമങ്കരി, ചമ്പക്കുളം കൃഷി അസി.ഡയറക്ടർമാർക്ക് കീഴിലായി വരുന്ന രാമങ്കരി, മുട്ടാർ, വെളിയനാട്, കൈനകരി, കാവാലം, നീലംപേരൂർ, എടത്വ, വീയപൂരം തുടങ്ങിയ വിവിധ കൃഷിഭവനുകളിലെ 28000 ഹെക്ടറോളം പാടശേഖരത്തിലാണ് ഇക്കുറി പുഞ്ചകൃഷി ഇറക്കുക.

വിളവ് എത്തുവാൻ 110 - 120 ദിവസം വരെ വേണ്ടിവരുന്ന ഉമ,115 -120 ദിവസം വരെ എടുക്കുന്ന പൗർണ്ണമി എന്നിവയ്ക്ക് പുറമെ പ്രത്യാശ, ശ്രേയസ്, മനുരത്നം തുടങ്ങിയ വിത്തുകളും ഈ സീസണിൽ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്. കേരളാ സീഡ്സ് ഡെവല്പ്മെന്റ് കോർപ്പറേഷൻ, നാഷണൽ സീഡ്സ് കോർപ്പറേഷൻ, കേരള കാർഷി​ക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള വിത്തുകളാകും പ്രധാനമായും കുട്ടനാട്ടിൽ ഉപയോഗിക്കുക.

അതേസമയം, രണ്ടാം കൃഷിയി​റക്കി​യ മി​ക്ക പാടശേഖരങ്ങളി​ലും കൊയ്ത്ത് ആരംഭി​ച്ചി​ട്ടി​ല്ല. ഇവി​ടങ്ങളി​ൽ പുഞ്ചകൃഷി​ ആരംഭി​ക്കാൻ വൈകും. കഴി​ഞ്ഞ പുഞ്ചകൃഷി​യി​ൽ സംഭരി​ച്ച നെല്ലിന്റെ വി​ല യഥാസമയം ലഭി​ക്കാതി​രുന്നതി​നെത്തുർടന്നുണ്ടായ പ്രതി​ഷേധങ്ങൾക്ക് പി​ന്നാലെയാണ് പുതി​യൊരു സീസൺ​ കൂടി​ കടന്നുവരുന്നത്.

 ഒക്ടോബർ 10ഓടെ കർഷകർക്ക് ആവശ്യമായ വിത്ത് അതത് സഹകരണസംഘങ്ങൾ മുഖേന എത്തിച്ചു നല്കും

 ഒരുകിലോഗ്രാം വിത്തിന് 42രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് മുഴുവൻ കർഷകർക്ക് സബ്സിഡിയായി നല്കും

 നാഷണൽ സീഡ് കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിത്തിന് ഒരു കിലോയ്ക്ക് മൂന്നു രൂപയോളം കൂടുതലുണ്ട്

 ഇവിടെ നിന്നുള്ള വിത്ത് സ്വീകരിക്കുന്ന കർഷകർ സബ്സിഡി കഴിഞ്ഞ് അധികം വരുന്ന മൂന്ന് രൂപ സ്വയംവഹിക്കേണ്ടി വരും

 രാമങ്കരി, ചമ്പക്കുളം കൃഷി അസി.ഡയറക്ടർമാരുടെ പരിധിയിൽപ്പെട്ട പഞ്ചായത്തുകൾ വിത്തിനും മറ്റുമായി പണം കൈമാറി

ഒരു ഹെക്ടറിൽ വേണ്ട വിത്ത്

100കിലോ

പുഞ്ചകൃഷി ഇറക്കുന്നതിന് മുന്നോടിയായുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഒക്ടോബർ പകുതിയോടെ വിത ആരംഭിക്കത്തക്ക രീതിയിലാണ് പദ്ധതിയിട്ടിട്ടുള്ളത്

- ജോസഫ് ജെഫ്രി. കൃഷി വകുപ്പ് അസി.ഡയറക്ടർ

ഒരു ചാക്ക് പൊട്ടാഷിന് 700 രൂപ വിലയുണ്ടായിരുന്നപ്പോൾ നെല്ലിന് 28 രൂപയായിരുന്നു. ഇപ്പോൾ ഒരു ചാക്ക് പൊട്ടാഷിന് 1750 രൂപയായി ഉയർന്നപ്പോഴും നെല്ലിന് പഴയ വില മാത്രമാണ് ലഭിക്കുക. ചെലവിന് ആനുപാതികമായി നെൽവില വർദ്ധിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൃഷിയുമായി മുന്നോട്ട് പോകുക പ്രയാസകരമാണ്

- സി.തോമസുകുട്ടി ചേന്നാട്ടുശ്ശേരി, കർഷകൻ