യോഗ്യത എൻജി.ഡിപ്ളോമ, ജോലി മൺപാത്രക്കച്ചവടം!
മുഹമ്മ: മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, എസ്.ഇ.ടി.സിയിൽ ഒരു വർഷത്തെ പരിശീലനം, ഹെവി ഡ്രൈവിംഗ് ലൈസൻസ്, ജോലിയോ മൺപാത്ര കച്ചവടം! തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നെയ്യൂർ സ്വദേശിയായ യേശുദാസിന്റെ ജീവിത 'അവസ്ഥ'യാണിത്. എൻജിനിയറിംഗ് പഠനവും ഡ്രൈവിംഗ് പരിശീലനവും മൂന്നു ഭാഷകളിലെ പ്രാവീണ്യവുമൊന്നും അൻപതുകാരനായ യേശുദാസിന്റെ ജീവിതത്തിന് തുണയായില്ല എന്നതാണ് സത്യം. വർക്ക് ഷോപ്പുകളിൽ ജോലിക്ക് പോയപ്പോൾ കിട്ടിയത് അഞ്ചുംപത്തും രൂപ.വണ്ടി ഓടിച്ചപ്പോൾ ജീവിക്കാനുള്ളത് കിട്ടിയതുമില്ല.
അങ്ങനെയാണ് പാരമ്പര്യതൊഴിൽ അല്ലായിരുന്നിട്ടുകൂടി, മുപ്പത് വർഷം മുമ്പുള്ള ഒരു പ്രഭാതത്തിൽ കുട്ടയിൽ നിറയെ മൺപാത്രങ്ങളുമായി കേരളത്തിലേക്ക് നടന്നുകയറിയത്. ആദ്യമൊക്കെ കഷ്ടപ്പാടായിരുന്നു. പിന്നീട് തൃപ്തികരമായ വേതനം ലഭിച്ചു തുടങ്ങി. ആ ചുമട് ഇപ്പോഴും തുടരുകയാണ്. യേശുദാസൻ ചുമടുമായി സഞ്ചരിക്കാത്ത ജില്ലകൾ കേരളത്തില്ലെന്ന് തന്നെ പറയാം. പല ജില്ലകളിലും പല പ്രാവശ്യം എത്തിയിട്ടുണ്ട്. മാസത്തിൽ ഒരിക്കൽ മാത്രമാണ് നാട്ടിൽ പോകുന്നത്.
തമിഴ്നാട് സർക്കാരിന്റെ അംഗീകാരമുള്ള ചുങ്കാംകട സൊസൈറ്റിയിൽ നിന്നാണ് മൺപാത്രങ്ങൾ എടുക്കുന്നത്. ആദ്യമൊക്കെ പൂർണമായും തലച്ചുമടായിരുന്നു.
മിനി ടെമ്പോയിൽ പാത്രങ്ങൾ കൊണ്ടുവന്ന്, കുട്ടയിൽ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇപ്പോൾ വില്പന.ദിവസം 40 മൺചട്ടികളെങ്കിലും വിൽക്കണം. എങ്കിലേ 1000 രൂപ ലഭിക്കൂ. ഇതിൽ 300 രൂപ ചെലവിനായിപോകും.
ഇത്രയും ചട്ടി വിൽക്കാൻ ചിലപ്പോൾ സന്ധ്യയോളം നടക്കണം. മറ്റു ചിലപ്പോൾ അന്തിയോടടുത്താലും കച്ചവടം നടക്കില്ല.
ഭാര്യയ്ക്കും ബി.എഡും എം.ഫിലും
യേശുദാസിന്റെ ഭാര്യ ബേബി ക്രിസ്റ്റൽ മേരിയും വിദ്യാഭ്യാസത്തിൽ ചില്ലറക്കാരിയല്ല. ബി.എസ് സി, ബി.എ ലിറ്ററേച്ചർ, ബി.എഡ്, എംഫിൽ എന്നീ യേഗ്യതകൾ കൈയിലുണ്ട്.
തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി അഞ്ചോളം ഭാഷകളിൽ പ്രാവീണ്യം. കന്യാകുമാരി ജില്ലയിലെ മാക്കുളി എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ്. അൺ എയ്ഡഡ് ആയതിനാൽ ശമ്പളം കുറവ്. മക്കളായ ബ്രഷാനയുടെയും ബനോഷ്യയുടെയും പഠനം ഇവിടെ നന്നായി നടക്കുന്നുവെന്നതാണ് ആകെയുള്ള സന്തോഷം.
ഏറിയാൽ ഒരു അഞ്ചുവർഷം അതുവരയേ ഈ തൊഴിൽ തുടരാൻ കഴിയൂ. അതിനുമുമ്പ് മുട്ടു വേദനയും നടുവേദനയും മറ്റു ശാരീരിക പ്രശ്നങ്ങളും പിടിമുറുക്കും. സമയത്തിന് ആഹാരം കഴിക്കാത്തതും അമിത അദ്ധ്വാനവും ആരോഗ്യത്തെ തകർക്കും
-യേശുദാസൻ