സ്വർണ്ണപ്പാളി വിവാദം, കുറ്റക്കാരെ ശിക്ഷിക്കണം: വെള്ളാപ്പള്ളി നടേശൻ

Sunday 05 October 2025 1:44 AM IST

കണിച്ചാർ(കണ്ണൂർ)​: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ഗവൺമെന്റും ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും മോഷണം തുടങ്ങിയിട്ട് ഒരുപാട് കാലമായി. ശബരിമലയിൽ ഇപ്പോൾ നടന്നത് അഴിമതിയാണെന്നും ആഗോളതലത്തിൽ കള്ളം കണ്ടുപിടിക്കാൻ ആഗോള അയ്യപ്പ സംഗമം ഒരു നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണപ്പാളി കണ്ടില്ലെങ്കിൽ ആരുടെ കാലത്ത്,ആര്,എപ്പോൾ ചെയ്തു എന്നത് കണ്ടു പിടിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഉടമസ്ഥതയിലുള്ള കണിച്ചാർ ഡോ.പല്പു മെമ്മോറിയൽ യു.പി.സ്കൂൾ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.